18 April Thursday

ഈ ബാന്റിലുണ്ട്‌ 
ഗോത്രയുവതയുടെ ജീവതാളം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ആറളം പഞ്ചായത്തിലെ ചെടിക്കുളം ഊരുകൂട്ടത്തിൽ പരിശീലനം തേടുന്ന നാസികസ്‌ ഡോൾ ബാന്റ്‌ സംഘം

ഇരിട്ടി
ഗോത്ര താളവും ആവേശത്തിന്റെ മേളപ്പൂരവും തീർത്ത്‌ ജില്ലയിലെ അഞ്ച്‌ ആദിവാസി ഊരുകൂട്ടങ്ങൾ ഇനി ബാൻഡ്‌ മേളത്തിൽ കൊട്ടിക്കയറും. ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിലാണ്‌ പട്ടികവർഗ ഊരുകളിൽനിന്ന്‌ മെയ്‌വഴക്കത്തിന്റെയും ചടുലതാളത്തിന്റെയും താളലയങ്ങൾ തീർക്കാൻ നാസിക്‌ ഡോൾ ബാൻഡ്‌ ട്രൂപ്പുകൾ സജ്ജമാവുന്നത്‌. മാട്ടറ കടവനക്കണ്ടി, പരിക്കളം കയനി, പയ്യാവൂർ ഭൂദാനം, ചെടിക്കുളം, പായം കോണ്ടമ്പ്ര  ഊരുകൂട്ടങ്ങളിലാണ്‌   ബാൻഡ്‌ ട്രൂപ്പുകൾ ഒരുങ്ങുന്നത്‌. 
തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്‌ പുത്തൻ ബാൻഡ്‌ സെറ്റുകളും യൂണിഫോമും ഷൂസും അടക്കം ജില്ലാ പഞ്ചായത്താണ്‌ നൽകുന്നത്‌. അഞ്ച്‌ ലക്ഷമാണ്‌ പദ്ധതിച്ചെലവ്‌.  താളബോധമുള്ള കുരുന്നുകളെ കണ്ടെത്തി ഗോത്രതാളവും സംഗീതവും സമന്വയിപ്പിച്ചാണ്‌  പരിശീലനം നൽകുന്നത്‌. ചെടിക്കുളം ഊരുകൂട്ടത്തിലെ ഒമ്പതുകാരൻ അഭിജിത്ത്‌ അടക്കം 20 പേരുടെ പരിശീലനം സമാപനത്തിന്റെ ഉച്ചസ്ഥായിയിലാണ്‌. വിദ്യാർഥികളാണ്‌ ഇതിൽ കൂടുതലും. താളത്തിൽ കൊട്ടി മികവ്‌ തെളിയിച്ച പായം കോണ്ടമ്പ്ര ഊരുകൂട്ടത്തിലെ ബാൻഡ്‌ ട്രൂപ്പാണ്‌ ജില്ലയിലെ മുൻനിര താരങ്ങൾ. ധാരാവീസ്‌ കോണ്ടമ്പ്രയെന്ന്‌ പേരിൽ ബാൻഡടിച്ച്‌ കയറുന്ന കോണ്ടമ്പ്രയിലെ മുൻനിര വാദ്യക്കാർ ഇതര ഊരുകൂട്ടങ്ങളിൽ പരിശീലനത്തിനും നേതൃത്വം നൽകുന്നു. പണിയ വിഭാഗങ്ങളിലെ സവിശേഷമായ താളബോധമാണ്‌ ബാനഡ്‌ സംഘങ്ങളിലേക്ക്‌ യുവാക്കളെയും കുട്ടികളെയും ആകർഷിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top