29 March Friday
കനത്ത മഴ

ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

എയ്യൻകല്ല് ക്വാറിയിലെ വെള്ളക്കെട്ട്

 കണ്ണൂർ

മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര സുരക്ഷാ നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനാവശ്യമായ നടപടി സ്വീകരിക്കാൻ  തഹസിൽദാർമാർക്കും  തദ്ദേശ  സ്ഥാപന സെക്രട്ടറിമാർക്കും  കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ കയാക്കിങ് ടീമുകളുടെയും ഹാം റേഡിയോ ഓപ്പറേറ്റർമാരുടെയും സേവനം ഉപയോഗപ്പെടുത്തും. 
കരിങ്കൽ,  ചെങ്കൽ ക്വാറികളുടെ പ്രവർത്തനം 10വരെ  നിർത്തിവയ്‌ക്കും. ദേശീയപാതയോരത്ത് കുറ്റിക്കോൽ പാലം മുതൽ കുപ്പം പാലംവരെ അപകടാവസ്ഥയിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകി. വൈദ്യതിലൈനിലേക്കും പോസ്റ്റുകളിലേക്കും അപകടകരമായ വിധത്തിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങളും ചില്ലകളും നീക്കംചെയ്തിട്ടുണ്ടെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. പുതുതായി ശ്രദ്ധയിൽപ്പെടുന്നവ അടിയന്തരമായി നീക്കംചെയ്യുന്നതിന്‌  നടപടി സ്വീകരിക്കും.
ഏരുവേശി പഞ്ചായത്തിലെ പൂപ്പറമ്പ്- –- നെല്ലിക്കുറ്റി റോഡിൽ സൈൻബോർഡുകളും ഹാൻഡ് റെയിലും സ്ഥാപിക്കാൻ നിർദേശം നൽകും. ഈ റോഡിൽ അപകടം കൂടുതലായി സംഭവിക്കാൻ സാധ്യതയുണ്ടെന്ന്   ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡിവിഷണൽ ഓഫീസർ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിഎം കെ കെ ദിവാകരൻ, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
 
പതിയിരിക്കുന്നുണ്ട്‌ അപകടം
പ്രാപ്പൊയിൽ
നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭീഷണിയായി എയ്യൻകല്ലിലെ  ക്വാറി. ക്വാറിയിലെ വൻ കുഴിയിലാണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം തങ്ങിനിൽക്കുന്നത്. ഈ വെള്ളക്കെട്ടിന് താഴെ വലിയ താഴ്‌വരയാണ്. വെള്ളം അണപൊട്ടിയാൽ വൻ ദുരന്തത്തിനാകും വഴിയൊരുക്കുക. നൂറുകണക്കിന് കുടുംബങ്ങൾക്കും ഏക്കർ കണക്കിന് കൃഷിയിടത്തിനും ഭീഷണിയാണിത്. 
  സീനിയർ ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർ ഇ ടി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പെരിങ്ങോം ഫയർ ഫോഴ്സ് സംഘം സ്ഥലം സന്ദർശിച്ചു. അപകടഭീഷണി ഒഴിവാക്കാൻ  ശക്തമായ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ ക്വാറി അധികൃതർക്ക് നിർദേശം നൽകി. ചെറുപുഴ പഞ്ചായത്ത് അധികൃതരും ഒപ്പമുണ്ടായിരുന്നു. ഫയർ ഫോഴ്സ് ജീവനക്കാരായ പാർത്ഥൻ കുന്നോൻ, പി കെ സുനിൽ,പി എ അനൂപ്, പി വി സദാനന്ദൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top