26 April Friday

കേരള വികസനം ഇന്ത്യക്ക് മാതൃക: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പരിയാരത്ത് സംഘടിപ്പിച്ച ‘കേരള വികസനം ഇടതുപക്ഷ ബദൽ ’ സെമിനാർ സിപിഐ എം 
കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ‍്ഘാടനം ചെയ്യുന്നു

പരിയാരം 
കേരളത്തിന്റെ വികസനമാണ് ഇന്ത്യക്ക് ബദലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ. തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള അടിസ്ഥാനവർഗത്തിന് ഗുണമേന്മയുള്ള ജീവിതം നൽകുന്നതാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന വികസനമെന്നും അദ്ദേഹംപറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  ‘കേരള വികസനം ഇടതുപക്ഷ ബദൽ ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥയ്ക്കെതിരെ പോരാട്ടം നയിച്ച കമ്യൂണിസ്‌റ്റ്‌ പാർടിയാണ് ആദ്യം ബദൽ രാഷ്ട്രീയം മുന്നോട്ടുവച്ചത്. ആദ്യസർക്കാർ അധികാരത്തിൽ വന്നശേഷം കൃഷിഭൂമി കർഷകന് നൽകുന്ന ഭൂപരിഷ്കരണമായിരുന്ന ഇടതുബദലിന്റെ അടുത്ത ചുവട്. പിന്നീട് മാറിമാറി വന്ന ഇടതുസർക്കാരുകൾ മറ്റുള്ളവർക്ക് മാതൃകയാവുന്ന ബദലുകൾ മുന്നോട്ടുവച്ചു.ഇതിന്റെ തുടർച്ചയാണ് നിലവിലെ സർക്കാരും നടപ്പാക്കുന്നത്. വീട്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിൽ കേരളം വൻനേട്ടം കൈവരിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കെ ഡിസ്ക് പദ്ധതിയാണ് സർക്കാർ ഏറ്റെടുത്തത്. തദ്ദേശ സ്ഥാപനങ്ങൾ സംരംഭകത്വ സൗഹൃദമാവണം. വർഗ ബഹുജന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തി കേരളമെന്ന ബദലിന്റെ മികവ് ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്ത്   ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ  മധുസൂദനൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, എംഎൽമാരായ  രാമചന്ദ്രൻ കടന്നപ്പള്ളി, എം വിജിൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ കമ്മിറ്റിയംഗം പി പി ദാമോദരൻ, ഏരിയാ സെക്രട്ടറി കെ പത്മനാഭൻ  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top