29 March Friday

പുനരുജ്ജീവനത്തിന് പ്രത്യേക പദ്ധതി: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

ഉരുൾപൊട്ടലിൽ മരിച്ച താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ രാജേഷിന്റെ ഭാര്യ കല്യാണിക്കും മക്കൾക്കും സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായം മന്ത്രി എം വി ഗോവിന്ദൻ കൈമാറുന്നു. എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി , കെ കെ ശെെലജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യഎന്നിവർ സമീപം

പേരാവൂർ
കണിച്ചാർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. മരിച്ച താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ രാജേഷിന്റെ ഭാര്യ കല്യാണിക്കും മക്കൾക്കും മന്ത്രി എം വി ഗോവിന്ദൻ പൂളക്കുറ്റി സെന്റ് മേരീസ് ചർച്ചിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയാണ് നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. മറ്റ് രണ്ടുപേരുടെ കുടുംബങ്ങൾക്ക് അക്കൗണ്ട് വഴിയാണ് കൈമാറിയത്.    
പൂളക്കറ്റി സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗവും നടന്നു.  ഉരുൾപൊട്ടലിൽ രണ്ട് പ്രദേശത്തുമായി 175 കോടിയുടെ നാശനഷ്ടം സംഭവിച്ചതായാണ്  പ്രാഥമിക കണക്കെന്ന് മന്ത്രി പറഞ്ഞു. 
വപ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യും.  അഞ്ച് വീടുകൾ പൂർണമായും തകർന്നു. 75 വീടുകൾക്ക് വലിയ നാശമുണ്ടായി. 
   തകർന്ന നിടുംപൊയിൽ –--മാനന്തവാടി റോഡിൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. റോഡുകളും പാലങ്ങളും പുനഃസ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കും.  കൃഷി നാശത്തിന്റെ കണക്കെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി നഷ്ടപരിഹാരം നൽകും.
     കണിച്ചാർ പ്രദേശത്ത് അപകടകരമായ നിലയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം നിർത്തുന്നത് സംബന്ധിച്ച്  ഇടപെടലുകൾ നടത്തും. ക്വാറികൾക്ക് ആലോചിച്ചേ അനുമതി നൽകാവൂ എന്നും മന്ത്രി പറഞ്ഞു. 
ഉരുൾപൊട്ടലിന് ഇടയാക്കിയ സാഹചര്യങ്ങൾ ശാസ്ത്രീയ പഠനവിധേയമാക്കണമെന്ന് കെ സുധാകരൻ എം പി പറഞ്ഞു. ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
 എംഎൽഎമാരായ കെ കെ ശെെലജ, സണ്ണി ജോസഫ് , രാമചന്ദ്രൻ കടന്നപ്പള്ളി, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ്  ബിനോയ് കുര്യൻ, കലക്ടർ എസ് ചന്ദ്രശേഖർ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top