27 April Saturday

മഴ കനത്തു ദുരിതവും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

ബൈപാസിൽ പള്ളൂർ മണൽകുന്നുമ്മലുണ്ടായ മണ്ണിടിച്ചിൽ. അപകട ഭീഷണിയിലായ വീടുകളും കാണാം.

കണ്ണൂർ 

കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. നിരവധി വീടുകൾ തകർന്നു. കാർഷിക വിളകളും നശിച്ചു. തണൽമരം കടപുഴകി വീണ്‌ ചൊക്ലി വില്ലേജ്‌ ഓഫീസിന്‌ നാശമുണ്ടായി. തലശേരി –- മാഹി ബൈപാസിൽ പള്ളൂരിൽ കുന്നിടിഞ്ഞ്‌ വീണ്‌ നിർമാണത്തിലുള്ള ബൈപാസിന്റെ സംരക്ഷണ ഭിത്തിയടക്കം തകർന്നു. തളിപ്പറമ്പ്‌  താലൂക്കിൽ നാല്‌ വീടുകൾ ഭാഗികമായി തകർന്നു. തിങ്കൾ പുലർച്ചെ രണ്ടരമണിയോടെയാണ്‌ ചൊക്ലിയിൽ തണൽമരം റോഡിന്‌ കുറുകെ വീണത്‌.  ഇതിനെത്തുടർന്ന്‌ പള്ളൂർ–-ചൊക്ലി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തലശേരി–-മാഹി ബൈപാസിൽ പള്ളൂരിൽ തിങ്കൾ പകൽ 11 മണിയോടെയാണ്‌ കുന്നിടിഞ്ഞത്‌.  മണൽകുന്നുമ്മൽ ജാനകിയുടെ വീടിനും കേടുപറ്റി. പ്രദേശത്തെ രണ്ട്‌ വീട്‌ അപകട ഭീഷണിയിലാണ്‌. ചൊക്ലി നിടുമ്പ്രം മടപ്പുര റോഡിൽ വിപി ഓറിയന്റൽ സ്കൂളിന് പിറകിലായി പ്ലാവ്   വീണ്‌ വൈദ്യുതിത്തൂൺ തകർന്നു. ഈ ഭാഗങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
തലശേരി–മാഹി ബൈപാസിൽ മണ്ണിടിച്ചിൽ: കോൺക്രീറ്റ്‌ ഭിത്തി തകർന്നു
മയ്യഴി
തലശേരി–-മാഹി ബൈപ്പാസിൽ പള്ളൂരിൽ മണ്ണിടിഞ്ഞ്‌ വീണ്‌ നിർമാണത്തിലിരിക്കുന്ന കോൺക്രീറ്റ്‌ ഭിത്തി തകർന്നു. തിങ്കൾ പകൽ പതിനൊന്നോടെയാണ്‌ മണ്ണിടിച്ചിലുണ്ടായത്‌. കുന്നിൻമുകളിലെ വീടിന്റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്‌.  വീടുകൾ  അപകടാവസ്ഥയിലായതിനാൽ ഒരു കുടുംബത്തെ നേരത്തെ കരാറുകാർ മാറ്റിപ്പാർപ്പിച്ചിരുന്നു. 
സർവീസ്‌ റോഡിന്റെ ഭാഗമായാണ്‌ ഇവിടെ കോൺക്രീറ്റ്‌ ഭിത്തി നിർമിക്കുന്നതെന്ന്‌ എൻഎച്ച്‌എഐ അധികൃതർ പറഞ്ഞു. ഭിത്തിയുടെ പണിതീർന്നാൽ  അതിന്‌ മുകളിൽ സർവീസ്‌ റോഡും തുടർന്ന്‌ വീണ്ടും സംരക്ഷണ ഭിത്തിയും നിർമിക്കാനാണ്‌ രൂപരേഖ. 
എൻഐടി അംഗീകരിച്ച ഡിസൈൻ പ്രകാരമാണ്‌ സംരക്ഷണഭിത്തിയും സർവീസ്‌ റോഡും നിർമിക്കുന്നത്‌.  കാലവർഷം തീരും മുമ്പേ സംരക്ഷണഭിത്തിയും സർവീസ്‌ റോഡും പൂർത്തിയാക്കാനാണ്‌ കരാറുകാരുടെ ശ്രമം. 
മഴ ശക്തമായതിനാൽ മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്ത്‌ ഇവിടെ പ്രവൃത്തി നിർത്തിയതിനാലാണ്‌ വലിയ അപകടം ഒഴിവായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top