ചൊക്ലി
റോഡരികിലെ കൂറ്റൻ തണൽമരം കടപുഴകിവീണ് ചൊക്ലി വില്ലേജ് ഓഫീസിനും ഓറിയന്റൽ ഹൈസ്‌കൂൾ കെട്ടിടത്തിനും കേടുപറ്റി.
പള്ളൂർ–-ചൊക്ലി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിന് കുറുകെ വീണ മരം മുറിച്ചുനീക്കി തിങ്കളാഴ്‌ച വൈകിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വില്ലേജ് ഓഫീസിന് എതിർവശം മാഹിയിൽപെട്ട സ്ഥലത്തെ മരം തിങ്കളാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് വീണത്.
വില്ലേജ് ഓഫീസിൽ അടുത്തിടെ ഉദ്‌ഘാടനംചെയ്‌ത കോൺഫറൻസ് ഹാൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. മേൽക്കൂരക്കും മതിലിനും കേടുപറ്റി. സ്‌കൂൾ കെട്ടിടത്തിന്റെ ഓടുകളും തകർന്നു.
റോഡിന് കുറുകെ മരംവീണത് തലശേരി–-പെരിങ്ങത്തൂർ റോഡിൽ വാഹനഗതാഗതത്തെ ബാധിച്ചു. തലശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പള്ളൂരിൽനിന്ന് ഇടയിൽപീടിക വഴി തിരിച്ചുവിട്ടു. ചൊക്ലിയിൽനിന്നുള്ള വാഹനങ്ങളും വഴിതിരിച്ചുവിട്ടു.
റോഡരികിൽ അപകടാവസ്ഥയിലുള്ള തണൽമരം മുറിച്ചുനീക്കാൻ മാഹി റീജണൽ അഡ്‌മിനിസ്‌ട്രേട്ടർക്ക് രണ്ട് തവണ ചൊക്ലി വില്ലേജ് ഓഫീസ് അധികൃതർ അപേക്ഷ നൽകിയതാണ്. എന്നാൽ നടപടിയുണ്ടായില്ല. പുലർച്ചെയായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വില്ലേജ് ഓഫീസിനോട് ചേർന്നാണ് ഓറിയന്റൽ സ്‌കൂളിന്റെ പഴയ കെട്ടിടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..