19 April Friday

ഇവിടെ അമ്മയ്‌ക്കും കുഞ്ഞിനും സുഖം

രാജേഷ്‌ ബക്കളംUpdated: Monday Jun 5, 2023

മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ. ആശുപത്രി

ധർമശാല
മാതൃശിശുപരിചരണ രംഗത്ത് സംസ്ഥാനത്തിന്  മാതൃകയാകുന്ന സേവനമികവിലേക്ക്‌ കുതിക്കുകയാണ്‌ മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി.  കുഞ്ഞിനും അമ്മയ്‌ക്കും അത്യാധുനിക  പരിചരണം ഉറപ്പുനൽകുന്ന  ആതുരാലയമാണിത്‌. മുൻമുഖ്യമന്ത്രി ഇ കെ നായനാരുടെ സ്‌മരണ നിലനിർത്തുന്ന ആശുപത്രിയുടെ വികസനത്തിന്‌ സംസ്ഥാന സർക്കാർ നൽകുന്ന കരുതലും പിന്തുണയുമാണ്‌ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുള്ള ഇതിന്റെ വളർച്ചയ്‌ക്ക്‌ കരുത്താവുന്നത്‌. 
ഗർഭിണികൾക്കും നവജാതശിശുക്കൾക്കും അമ്മമാർക്കും ജില്ലയിൽ ഏറ്റവും ഫലപ്രദമായ പരിചരണം ഉറപ്പുനൽകുന്നതിനാൽ നിത്യേന ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നു.  
2009 ൽ പ്രവർത്തനം തുടങ്ങിയ  ആശുപത്രിയിൽ ആരംഭഘട്ടത്തിൽ ഒപി സൗകര്യം മാത്രമാണ്‌ ഉണ്ടായത്‌.  ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളോടെ നാലുനിലകളിൽ  135 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്‌.  
തളിപ്പറമ്പ് മണ്ഡലം എംഎൽഎയും  മുൻമന്ത്രിയുമായ എം വി ഗോവിന്ദന്റെ  ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച 29.50 ലക്ഷം രൂപ  ഉപയോഗിച്ച്‌  പീഡിയാട്രിക്  ഐസിയു ഒരുക്കി. ആധുനിക സൗകര്യങ്ങളുള്ള നാല്‌ ഐസിയു കിടക്കകളും ഒരു വെന്റിലേറ്ററും സജ്ജമാണ്‌. നിലവിൽ 12 കിടക്കകളോട്‌ കൂടിയ പീഡിയാട്രിക്‌ വാർഡും 12 നവജാത ശിശുക്കളെ കിടത്താവുന്ന എസ്‌എൻസിയു സൗകര്യവുമുണ്ട്‌. സംസ്ഥാന സർക്കാരിന്റെ  പുരപ്പുറ സൗരോർജ പദ്ധതിയിൽ ഉൾപ്പെടുത്തി സൗരോർജ പ്ലാന്റും   സ്ഥാപിച്ചിട്ടുണ്ട്‌. 30  കിലോവാട്ട് ഓൺ ഗ്രിഡ് സോളാർ പവ്വർ പ്ലാന്റിൽനിന്ന്‌ പ്രതിദിനം 120 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്‌.  സംസ്ഥാനത്തെ മികച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്ന ലക്ഷ്യത്തോടെ  25 വർഷത്തെ വികസന പ്രവർത്തനം ഉൾക്കൊള്ളിച്ച മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഒമ്പത്‌ നിലകളിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്‌ ലക്ഷ്യമിടുന്നത്‌.
 

മികച്ച സേവനങ്ങൾ

സ്‌ത്രീ രോഗങ്ങൾക്ക്‌  പ്രത്യേക ഒപി വിഭാഗം, ഗർഭിണികൾക്കുള്ള ക്ലിനിക്‌, ആധുനിക സൗകര്യങ്ങളോടെയുള്ള പ്രസവമുറി, ഓപ്പറേഷൻ തിയറ്റർ, പോസ്‌റ്റ്‌ ഓപ്പറേറ്റീവ്‌ വാർഡ്‌, ഗർഭാശയ രോഗങ്ങൾക്കുള്ള ചികിത്സ, ആഴ്ചയിൽ ആറുദിവസവും പീഡിയാട്രിക് ഒപി സൗകര്യം എന്നിവ ആശുപത്രിയിലുണ്ട്‌.  ആധുനിക മെഡിക്കൽ ലബോറട്ടറി, ഇസിജി, അൾട്രാ സൗണ്ട്‌ സ്‌കാനിങ്‌, ബ്ലഡ്‌ ബാങ്ക്‌ എന്നിവയുമുണ്ട്‌. ആരോഗ്യമേഖലക്ക് മുതൽക്കൂട്ടാകുന്ന പദ്ധതിയായ ഗർഭസ്ഥ ശിശുക്കളുടെ വൈകല്യം നേരത്തെ കണ്ടെത്താനുള്ള ഡിഇഐസി സംവിധാനവും ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.  ജനനം മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ ജനന വൈകല്യങ്ങൾ നിർണയിക്കുന്നതിനുള്ള പ്രാരംഭ ഇടപെടൽ കേന്ദ്രമാണിത്.
 

വളർച്ചയുടെ പാതയിൽ

ആശുപത്രിയിൽ എത്തിച്ചേരുന്നവർക്ക്‌ ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ കെഎച്ച്‌ആർഡബ്ല്യുഎസ്‌ പേവാർഡ്‌  ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി. 32 മുറികളുള്ള ബ്ലോക്കാണ്‌ പൂർത്തിയായത്‌. വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കാൻ പവർ സ്റ്റേഷൻ നിർമാണം പൂർത്തിയായി. കംപ്യൂട്ടറൈസ്‌ഡ്‌ പരിശോധന, ഇ ഹെൽത്ത്‌ പദ്ധതി,  അഗ്നി സുരക്ഷാ സംവിധാനം, പുതിയ കാഷ്വാലിറ്റി ബ്ലോക്ക്   ഉൾപ്പെടെ 7.62 കോടി രൂപയുടെ നിർമാണ പ്രവൃത്തി പൂർത്തിയായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top