18 April Thursday

ഒടുവിൽ പറഞ്ഞു; വന്നിട്ട്‌ കാണാം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
തലശേരി
പാർടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ്‌ ചെന്നൈയിലേക്ക്‌ ചികിത്സയ്‌ക്ക്‌ പോകുന്നതറിഞ്ഞ്‌ കഴിഞ്ഞ മാസം 28നാണ്‌ കോടിയേരിയെ ഫോൺ വിളിച്ചത്‌. ഭാര്യ ഫോണെടുത്ത്‌ കോടിയേരിക്ക്‌ നൽകി. ശബ്ദം തിരിച്ചറിഞ്ഞപ്പോൾ ‘എന്താ ജനു’ എന്ന്‌ ചോദിച്ചു. അസുഖത്തെക്കുറിച്ചായിരുന്നില്ല, നാട്ടിലെ വിവരങ്ങൾ അറിയാനായിരുന്നു അന്നും തിടുക്കം. ശബ്ദത്തിന്‌ ഇടർച്ച വന്നപ്പോൾ നാളെ ചെന്നൈയിലേക്ക്‌ പോവുകയാണെന്നും തിരിച്ചുവന്നിട്ട്‌ കാണാമെന്നും പറഞ്ഞ്‌ ഫോൺ വച്ചു. രോഗം ഭേദമായി തിരിച്ചുവരുമെന്നുതന്നെ വിശ്വസിച്ചു. ഇതിപ്പോൾ... സുഹൃത്ത്‌ കോടിയേരി കൊപ്പരക്കളത്തെ കെ എൻ ജനാർദനന്‌ കോടിയേരിയുടെ വേർപാട്‌ ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 
  ഓണിയൻ ഹൈസ്‌കൂളിൽ പ്രൈമറിക്ലാസിൽ പഠിക്കുമ്പോൾ കോടിയേരി അവിടെ വിദ്യാർഥി നേതാവായിരുന്നു. 15 കുട്ടികളുമായി മുദ്രാവാക്യം വിളിച്ചുപോകുന്ന ബാലകൃഷ്‌ണനെ കണ്ടിട്ടുണ്ട്‌. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായശേഷവും  സ്‌കൂളിലെ യൂണിറ്റ്‌ യോഗത്തിനോ സമ്മേളനത്തിനോ നാട്ടിലുണ്ടെങ്കിൽ പങ്കെടുക്കും. അക്കാലത്ത്‌ കേരള ചരിത്രം, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഈങ്ങയിൽപീടിക ദേശീയവായനശാലയിൽ ക്ലാസെടുത്തിരുന്നു. 
അടിയന്തരാവസ്ഥയിൽ ജയിൽമോചിതനായ കോടിയേരിക്ക്‌ നൽകിയ വരവേൽപ്പും പ്രകടനവും മായാത്ത ഓർമയാണ്‌. തലശേരിയിൽനിന്ന്‌ സ്വീകരിച്ച്‌ കോടിയേരിയിൽ സമാപിച്ച ജാഥയിൽ അഞ്ഞൂറിലേറെപ്പേരുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ മരവിപ്പ്‌ മാറ്റിയ ജനമുന്നേറ്റമായിരുന്നു അത്‌. 
  1981ൽ അവിഭക്ത കോടിയേരി ലോക്കൽ കമ്മിറ്റി അംഗമായപ്പോൾ മാടപ്പീടികയിൽ ചേരുന്ന യോഗങ്ങളിൽ എസി അംഗമെന്ന നിലയിൽ കോടിയേരിയാണ്‌ പങ്കെടുക്കുക. യോഗം കഴിഞ്ഞ്‌ അർധരാത്രി മാടപ്പീടികയിൽനിന്ന്‌ ഒന്നിച്ചാണ്‌ മടക്കം. വീടുമായും കുടുംബവുമായും ദൈനംദിന ബന്ധമുണ്ടായിരുന്നു. വീട്ടിലെത്തിയാൽ തമ്മിൽ കാണും. കുടുംബാംഗം നഷ്ടപ്പെട്ട പറഞ്ഞറിയിക്കാനാകാത്ത വേദനയിലാണിപ്പോൾ ഞങ്ങളെല്ലാം.–- മൃഗസംരക്ഷണ വകുപ്പിൽനിന്ന്‌ സൂപ്രണ്ടായി വിരമിച്ച ജനാർദനൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top