26 April Friday

മുഹമ്മദിന്റെ മരുന്നിന്‌ ഇറക്കുമതി 
തീരുവയും ജിഎസ്‌ടിയും ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
മാട്ടൂൽ (കണ്ണൂർ)
മാട്ടൂലിൽ അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സയ്‌ക്ക്‌ ആവശ്യമായ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും  ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ഇതോടെ മുഹമ്മദിന്റെ ചികിത്സയ്‌ക്കുള്ള ഒരു കടമ്പകൂടി കടന്നു. അമേരിക്കയിൽനിന്ന് മരുന്ന്‌ എത്രയും വേഗം എത്തിക്കുന്നതിന്‌ സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും നേരത്തെ ശ്രമം തുടങ്ങിയിട്ടുണ്ട്‌. 
മുഖ്യമന്ത്രി പിണറായി വിജയൻ, എംപിമാരായ എളമരം കരീം, ഡോ. വി ശിവദാസൻ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ്‌ തീരുവയും ജിഎസ്‌ടിയും  ഒഴിവാക്കിയത്‌.  പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ധനമന്ത്രിക്കും മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ച്‌ കത്തയച്ചിരുന്നു. എംപിമാരായ എളമരം കരീമും ശിവദാസനും വിഷയത്തിൽ നേരിട്ടിടപെട്ടു.  
പേശീശോഷണത്തിന്‌ ഇടയാക്കുന്ന സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി(എസ്‌എംഎ) എന്ന ജനിതക രോഗ ചികിത്സയ്ക്കുള്ള  സോൾജെൻസ്‌മ മരുന്നിന്‌ ഏകദേശം 18 കോടി രൂപയാണ്‌ വില. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്‌ടിയും ഉൾപ്പെടെ നികുതിയിനത്തിൽമാത്രം ആറരക്കോടി രൂപയാകും. ഇതൊഴിവാക്കിയത്‌ വലിയ ആശ്വാസമായി.
 മുഹമ്മദിന്റെ ചികിത്സയ്‌ക്കായി 18 കോടി രൂപ ആവശ്യമാണെന്ന വാർത്തയറിഞ്ഞ്‌ നാടാകെ സഹായഹസ്‌തമുയരുകയായിരുന്നു. ഒരാഴ്‌ചക്കകം 46.78 കോടി രൂപയാണ്‌  ഒഴുകിയെത്തിയത്‌. 
എം  വിജിൻ എംഎൽഎ,  മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഫാരിസ, ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ടി പി അബ്ബാസ്‌ ഹാജി എന്നിവരുടെ നേതൃത്വത്തിൽ  നാട്ടുകാരുടെ കൂട്ടായ ശ്രമത്തിലൂടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം കൈവരിച്ചത്‌ മഹത്തായ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ്‌.  
 മുഹമ്മദിന്റെ സഹോദരി അഫ്രയ്‌ക്കും ഇതേ അസുഖമാണ്‌. ഇരുവരുടെയും ചികിത്സക്കാവശ്യമുള്ള തുക കഴിച്ച് ബാക്കി സമാന രോഗബാധിതരായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ മുഖേന നൽകാനാണ്‌ ആലോചിക്കുന്നത്‌. ഇതേക്കുറിച്ച്‌  ചർച്ചചെയ്യുന്നതിന്‌ എം വിജിൻ എംഎൽഎ ബുധനാഴ്‌ച മുഖ്യമന്ത്രിയെ കാണും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top