26 April Friday
കർണാടകത്തിന്റെ ദ്രോഹനിലപാട്‌

പ്രതിഷേധം കനക്കുന്നു 
അതിർത്തിയിൽ റോഡ്‌ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കർണാടകത്തിന്റെ നിലപാടിനെതിരെ വിവിധ രാഷ്‌ട്രീയപാർടികൾ സംയുക്തമായി തലപ്പാടിയിൽ റോഡ് ഉപരോധിച്ചപ്പോൾ.

മംഗളൂരു
കേരളത്തിൽനിന്ന് വരുന്നവരിൽ  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തിയിൽ  തിരിച്ചയക്കുന്ന കർണാടകത്തിന്റെ  നടപടിയിൽ പ്രതിഷേധം കനക്കുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കർണാടകത്തിൽനിന്ന്‌ കേരളത്തിലേക്കുള്ള റോഡ്‌ ഉപരോധിച്ചു.
   ചൊവ്വാഴ്‌ചയും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ എത്തിയവരെ തലപ്പാടിയിൽ   കർണാടക പൊലീസ് തിരിച്ചയച്ചു. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികളെയും രോഗികളെയും വിമാന യാത്രികരെയും  മാത്രമാണ്‌  കടത്തിവിട്ടത്‌. രോഗികൾക്കൊപ്പം രണ്ടുപേരെ മാത്രമേ കടത്തിവിടൂവെന്ന്‌ അധികൃതർ  അറിയിച്ചു.  
    കേരളത്തിൽ കോവിഡ് കേസുകൾ കുറയുംവരെ പരിശോധനയിൽ ഇളവുണ്ടാകില്ലെന്ന് തലപ്പാടിയിലെത്തിയ കർണാടക എഡിജിപി പ്രതാപ് റെഡ്ഡി പറഞ്ഞു. വിദ്യാർഥികൾക്കും അടിയന്തരാവശ്യങ്ങൾക്കായി പോകുന്നവർക്കുംമാത്രമായിരിക്കും ഇളവ്. ദിവസേനയുള്ള യാത്രക്കാർ ആഴ്ചയിലൊരിക്കൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതിർത്തിയിൽ പരിശോധനാ സംവിധാനം സജ്ജീകരിക്കില്ലെന്നും എഡിജിപി വ്യക്തമാക്കി. 
    കർണാടകത്തിന്റെ നിലപാടിനെതിരെ അതിർത്തിയിൽ വിവിധ പാർടികൾ സംയുക്തമായാണ്‌ റോഡ് ഉപരോധിച്ചത്‌. വിദേശ രാജ്യങ്ങൾ ഉൾപ്പടെ  വാക്സിൻ എടുത്തവർക്ക് ഇളവ് നൽകുമ്പോൾ കർണാടകത്തിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന്  സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറിയറ്റംഗം ബി ജയാനന്ദ  പറഞ്ഞു. 
അതിനിടെ, നെഗറ്റീവ്  സർട്ടിഫിക്കറ്റില്ലാതെ ട്രെയിൻവഴിയും മറ്റും  എത്തുന്നവരെ ക്വാറന്റൈനിലാക്കാൻ  കൂടുതൽ സെന്ററുകൾ തുറന്നു. തിങ്കളാഴ്ച മംഗളൂരുവിൽ കുടുങ്ങിയ 60 പേരെ ചൊവ്വാഴ്‌ച പുലർച്ചയോടെയാണ്‌ വിട്ടയച്ചത്‌.
ദേലംപാടിയിലും 
റോഡ്‌ തടഞ്ഞു
കാസർകോട്‌ 
ദേലംപാടി പഞ്ചായത്തിൽ കർണാടക അധികൃതർ റോഡ്‌ വ്യാപകമായി തടഞ്ഞു. ഈശ്വരമംഗലവഴി കർണാടകത്തിലൂടെ ദേലംപാടിക്കുള്ള പള്ളത്തൂർ റോഡാണ്‌ പ്രധാനമായും തടഞ്ഞത്‌. ദേലംപാടിയിലെ സാലത്തട്ക്ക പാഞ്ചോടി റോഡ്  ഉദ്യോഗസ്ഥർ മുളവച്ച് അടച്ചു. സംസ്ഥാന പാതയിലെ പരപ്പയ്ക്ക് അടുത്ത് മുഡൂർ, മണ്ടക്കോൽ തലപ്പച്ചേരി റോഡ് എന്നിവിടങ്ങളിലും കർണാടക പൊലീസ്‌ കർശന പരിശോധന നടത്തുന്നു. റേഷൻകടയിൽ പോകുന്ന നാട്ടുകാരെപോലും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കടത്തി വിടുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top