20 April Saturday
അധ്യാപകന്റെ ഇൻഷുറൻസ്‌ പ്രീമിയം അടച്ചില്ല

ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
കണ്ണൂർ
അധ്യാപകന്റെ വ്യക്തിഗത അപകട ഇൻഷുറൻസ്‌ പ്രീമിയം തുക അടയ്‌ക്കുന്നതിൽ വീഴ്‌ച വരുത്തിയ കോളേജ്‌ അധികൃതരിൽനിന്ന്‌ ക്ലെയിം തുകയായ പത്തുലക്ഷം രൂപ പലിശ സഹിതം ഈടാക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണത്തിന്‌ സർക്കാർ ഉത്തരവ്‌.  ധർമടം ബ്രണ്ണൻ കോളേജ്‌ അസി. പ്രൊഫസറായിരിക്കെ വാഹനാപകടത്തിൽ മരിച്ച കഥാകൃത്ത് കെ വി സുധാകരന്റെ ഭാര്യയും നോമിനിയുമായ പി വി ഷിൽനയ്‌ക്ക്‌  ഗ്രൂപ്പ്‌ പേഴ്‌സണൽ ആക്‌സിഡന്റ്‌ ഇൻഷൂറൻസ്‌ സ്‌കീം (ജിപിഎഐഎസ്‌)  പ്രകാരം പത്ത്‌ ലക്ഷം രൂപ ആറു ശതമാനം പലിശസഹിതം ക്ലെയിം  തുക അനുവദിച്ച്‌  2019 ജൂൺ 13ന്‌  ഉത്തരവായിരുന്നു.  
  ഈ സ്‌കീമിലേക്കുള്ള പ്രീമിയം തുക 2017 കാലയളവിൽ കോളേജിൽനിന്ന്‌ അടച്ചിരുന്നില്ല. ഇതിൽ അന്നത്തെ  പ്രിൻസിപ്പൽ, സീനിയർ സൂപ്രണ്ട്‌, സെക്‌ഷൻ ക്ലർക്ക് എന്നിവർ വീഴ്‌ച വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത്‌  ഉദ്യോഗസ്ഥരുടെ വ്യക്തിഗത ബാധ്യതയായി കണക്കാക്കി 50 ശതമാനം പ്രിൻസിപ്പലിൽനിന്നും 25 ശതമാനം വീതം  മറ്റുള്ളവരിൽനിന്നും  തിരിച്ചടക്കണമെന്നും  ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 
   എന്നാൽ, പ്രീമിയം തുക അടയ്‌ക്കാത്ത വ്യക്തിയുടെ ക്ലെയിം അനുവദിക്കുന്നത്‌ പക്ഷപാതപരമായ നടപടിയാകുമെന്നും തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നും അത്‌ പദ്ധതിയുടെ വിജയത്തെ ബാധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ്‌  വിലയിരുത്തി. ഈ സാഹചര്യത്തിൽ നഷ്ടത്തിനുത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നും  പ്രീമിയം തുകയ്‌ക്ക്‌ പുറമെ ക്ലെയിം തുകയും ഈടാക്കാനാണ്‌ ഉത്തരവ്‌. അനുവദിച്ച 10 ലക്ഷം രൂപയും നിശ്‌ചിത പലിശ സഹിതം ഉദ്യോഗസ്ഥർ അടയ്‌ക്കണം.  
  ഈ  ഉത്തരവ്‌ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ വീഴ്‌ച വന്നിട്ടുണ്ടോ എന്ന്‌ വീണ്ടും ഔപചാരികമായി അന്വേഷിക്കുന്നത്‌. ഇതിനായി കോളേജ്‌ വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണ ഉദ്യോഗസ്ഥയായി നിയമിച്ചു. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട്‌ നൽകണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന്‌ മുൻകൂട്ടി വിവരം നൽകി മൊഴിയെടുക്കുകയും മറ്റു തെളിവുകൾ ശേഖരിക്കുകയും ചെയ്‌ത ശേഷം ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചായിരിക്കണം റിപ്പോർട്ടെന്നും  ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top