18 April Thursday

നാട്‌ കൈകോർക്കും ചിറക്കൽ രാജാസ്‌ സ്‌കൂളിനായി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.

ചിറക്കൽ
ഒരു നൂറ്റാണ്ടിലേറെ കാലം തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിനായി നാട്‌ കൈകോർക്കുന്നു.  ചരിത്രത്തിൽ ചിറക്കലിനെ അടയാളപ്പെടുത്തിയ വിദ്യാലയത്തെ  കാലത്തിനൊത്ത മാറ്റത്തിലേക്ക്‌  ഉയർത്താനുള്ള  പരിശ്രമങ്ങൾക്കാണ്‌ തുടക്കമാവുന്നത്‌. ചിറക്കൽ സർവീസ് സഹകരണ ബാങ്കാണ് നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ തുക സമാഹരിച്ച്  വിദ്യാലയം നവീകരിക്കുന്നത്‌. 
1916ൽ ചിറക്കൽ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മ വലിയ രാജയാണ് സ്കൂൾ സ്ഥാപിച്ചത്. 106 വർഷത്തെ വിദ്യാലയ ചരിത്രത്തിൽ കേരളത്തിന്റെ സാമൂഹ്യ സംസ്‌കാരിക മണ്ഡലത്തിലെ ഒട്ടേറെ മഹാരഥന്മാരെ സംഭാവന ചെയ്ത വിദ്യാലയമാണിത്‌. ചിറക്കൽ ടി ബാലകൃഷ്ണൻ നായർ, ഡോ. സുകുമാർ അഴീക്കോട്, ടി പത്മനാഭൻ, പി പി ലക്ഷ്മണൻ, ക്യാപ്റ്റൻ സി കൃഷ്ണൻ നായർ, വി എ കേശവൻ നമ്പൂതിരി എന്നിവർ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. 
2010ലാണ് സ്കൂളിന് ഹയർസെക്കൻഡറി അനുവദിച്ചത്. ചിറക്കൽ രാജവംശത്തിന്റെ മാനേജ്മെന്റിന് കീഴിലായിരുന്ന സ്‌കൂൾ 2016ൽ ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു. സ്‌കൂളിന്റെ നവീകരണം ലക്ഷ്യമിട്ട്‌ ചിറക്കലിനെ സമ്പൂർണ നിക്ഷേപ സൗഹൃദ പഞ്ചായത്താക്കാനുള്ള വിപുലമായ കർമ പരിപാടിക്കാണ്  ബാങ്ക് രൂപം കൊടുക്കുന്നതെന്ന്‌  പ്രസിഡന്റ് പി പ്രശാന്തൻ പറഞ്ഞു.  പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം സ്വീകരിക്കും. ഈ തുക ഉപയോഗിച്ചായിരിക്കും ചിറക്കൽ രാജാസ് ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, രാജാസ് യുപി സ്കൂൾ എന്നിവയുടെ നവീകരണം നടക്കുക. ആധുനിക രീതിയിലുള്ള കെട്ടിടങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
പാഠ്യ–- പാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്‌കൂളിൽ മികവുയർത്താനുള്ള പ്രവർത്തനങ്ങൾക്കാണ്‌ തുടക്കമാവുന്നതെന്ന്‌  പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ പറഞ്ഞു.
ഭാവിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ആരംഭിച്ച് ചിറക്കലിനെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും ലക്ഷ്യമുണ്ട്. നിക്ഷേപ സമാഹരണ യജ്ഞം വിജയിപ്പിക്കാൻ പഞ്ചായത്ത് തലത്തിലും മുഴുവൻ വാർഡുകളിലും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ചിറക്കലിൽ ജനകീയ സർവേക്കും തുടക്കമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top