16 September Tuesday

എ കെ ജി മ്യൂസിയം നിർമാണം ഈ മാസം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

കണ്ണൂർ

പാവങ്ങളുടെ പടത്തലവന്‌ ജന്മനാട്ടിൽ സ്‌മാരകമൊരുക്കാൻ ബജറ്റിൽ ആറുകോടി. പെരളശേരിയിലെ എ കെ ജി മ്യൂസിയത്തിന്റെ നിർമാണപ്രവർത്തനം ഈമാസം തന്നെ തുടങ്ങാനാവുമെന്നാണ്‌ പ്രതീക്ഷ. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ ഓപ്പ്‌ സൊസൈറ്റിക്കാണ്‌ നിർമ്മാണ ചുമതല. ഒമ്പത്‌ മാസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പെരളശേരിയിൽ 3.2 ഏക്കർ സ്ഥലത്താണ് മ്യൂസിയമൊരുക്കുന്നത്.  
പെരളശേരി തൂക്കുപാലത്തിനടുത്തായാണ്‌ പദ്ധതിക്കായി മ്യൂസിയം –-പുരാവസ്തു വകുപ്പ് സ്ഥലം ഏറ്റെടുത്തത്.  
മ്യൂസിയം നിർമാണത്തിന് പത്തുകോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എ കെ ജിയുടെ ജീവിതകാലഘട്ടം മുഴുവനായും 12 ഗ്യാലറികളിലൂടെ ഡിജിറ്റൽ മ്യൂസിയം ജനങ്ങളിലെത്തിക്കും. എ കെ ജി നേതൃത്വം നൽകിയ പ്രക്ഷോഭങ്ങൾ, പ്രസംഗങ്ങൾ, ജയിൽ ജീവിതം തുടങ്ങിയവയെല്ലാം ആധുനിക സാങ്കേതങ്ങളിലൂടെ പുനരാവിഷ്കരിക്കും. പാർലമെന്റിലെയും പ്രക്ഷോഭങ്ങളിലെയും രാഷ്ട്രീയ പ്രവർത്തനത്തിനിടയിലെയും പ്രസംഗങ്ങളും മ്യൂസിയത്തിൽനിന്ന് കേൾക്കാനാകും. 
ഇരുനിലകളിലായി നിർമിക്കുന്ന മ്യൂസിയത്തിൽ എ കെ ജിയുടെ ജീവിതത്തിലെ മുഹൂർത്തങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് തിയേറ്ററും ഒരുക്കും. ഗവേഷണത്തിനടക്കം ഉപകരിക്കുന്ന വിപുലമായ ലൈബ്രറിയും ഒരുക്കുന്നുണ്ട്. എ കെ ജി രൂപംകൊടുത്ത, തൊഴിലാളികളുടെ ഉടമസ്ഥതയിൽ വിജയം കൊയ്ത ഇന്ത്യൻ കോഫി ഹൗസിന്റെ ചരിത്രവും മ്യൂസിയത്തിൽ ഉണ്ടാകും. 
രണ്ടാംഘട്ടത്തിൽ ഓപ്പൺ എയർ ഓഡിറ്റോറിയം, പൂന്തോട്ടം, കളിസ്ഥലം, പ്രഭാത നടത്തത്തിനുള്ള സൗകര്യങ്ങൾ എന്നിവയും അഞ്ചരക്കണ്ടി പുഴയോരത്തൊരുങ്ങുന്ന മ്യൂസിയത്തിൽ വിഭാവനം ചെയ്യുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top