24 April Wednesday

ഒടുവിൽ കണ്ണീരായിപ്പോയല്ലോ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
നീലേശ്വരം
ആഹ്ലാദത്തിന്റെ സായാഹ്നം കണ്ണീരിൽ കലങ്ങിയ ആഘാതമാണ്‌ ചായ്യോത്തിനും ചോയ്യങ്കോടിനും കൊല്ലമ്പാറയ്‌ക്കടുത്ത മഞ്ഞളംകാടിനും. ഇങ്ങനെയൊരു അവസ്ഥ ആരും കരുതിയതേയില്ല. ആ നാലുപേർ; കലോത്സവത്തിലെ കളിചിരികൾ കണ്ട്‌ മടങ്ങിയതാണല്ലോ.
ചായ്യോത്ത്‌ കലോത്സവമായതിനാൽ  ഗതാഗതത്തിരക്കായിരുന്നു ചിറ്റാരിക്കാൽ–- നീലേശ്വരം റോഡിൽ. ആ തിരക്കെല്ലാം നിയന്ത്രിച്ച്‌ സുഗമമായി കടന്നുപോയ കലോത്സവത്തിലേക്കാണ്‌ ഒടുവിൽ കണ്ണീർത്തുള്ളികൾ വീണത്‌. 
  മേള നടന്ന ചായ്യോത്തുനിന്ന്‌ മൂന്നുകിലോമീറ്റർ ദൂരമേ അപകടമുണ്ടായ മഞ്ഞളംകാട്ടേക്കുള്ളൂ. പെരിയങ്ങാനത്തെ ജോഷിയുടെ തൊഴിലാളികളാണിവർ. കലോത്സവത്തിന്റെ അവസാന ദിവസമായതിനാൽ അവധിയെടുത്ത്‌ സുഹൃത്തിന്റെ കാറെടുത്ത്‌ വെള്ളി പകൽ ചായ്യോത്ത്‌ എത്തിയതാണ്‌. സംഘനൃത്തവും നാടോടിനൃത്തവും കണ്ട്‌, തിരക്കേറിയതിനാൽ രാത്രിയോടെ  മടങ്ങുകയായിരുന്നു. കാറിൽ വേറൊരു സുഹൃത്ത്‌ കൂടിയുണ്ടായിരുന്നു. ഇയാൾ വഴിയിലിറങ്ങി. 
റോഡിൽ രക്തപ്പുഴ 
ഭീമനടി–- നീലേശ്വരം റോഡിലെ മഞ്ഞളംകാട്‌ വളവിൽ വെള്ളി രാത്രി ഒഴുകിയത്‌ രക്തപ്പുഴ. അൽപ്പം ചരിവുള്ള സ്ഥലത്ത്‌ വാഹനങ്ങൾ അമിതവേഗത്തിലാണെന്നും പറയുന്നു. കാറിന്റെ ഇടിയിൽ നിയന്ത്രണം വിട്ട കല്ലുകയറ്റിയ ലോറി റോഡരികിലെ വീടിന്റെ മതിലിലിടിച്ചാണ്‌ നിന്നത്‌.
 പരിക്കേറ്റ ബിനു കാറിന്റെ പിറകിലെ സീറ്റിലായിരുന്നു. ഇദ്ദേഹത്തിന്‌ ഗുരുതര പരിക്കുണ്ട്‌. ഒരാൾ പുറത്തേക്ക്‌ തെറിച്ചുവീണു. ആൾട്ടോ കാറായതിനാൽ കാർ പൂർണമായും തകർന്നു. 
വിറങ്ങലിച്ച്‌ കലോത്സവ നഗരി
സമാപന ദിവസമായതിനാൽ രാത്രി വൈകുംവരെ പരിപാടികൾ തുടർന്നു. എന്നാൽ അപകട വിവരമറിഞ്ഞശേഷം, നഗരിയിലെ സന്തോഷങ്ങളെല്ലാം വഴിമാറി. സംഘാടകരെല്ലാം അപകട വിവരമറിയാൻ ജില്ലാ ആശുപത്രിയിലേക്കും  മഞ്ഞളംകാട്ടേക്കും കുതിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top