25 April Thursday
കഥാകാരന്റെ പിറന്നാളും ആഘോഷിച്ചു

കണിച്ചാർ സമ്പൂർണ ലൈബ്രറി പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കണിച്ചാർ പഞ്ചായത്ത് സമ്പൂർണ ലൈബ്രറി പ്രഖ്യാപനം എഴുത്തുകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

കണിച്ചാർ
പട്ടിണിയുടെ കാലത്തും പുസ്തകം കൈവിടാതെയിരുന്നതാണ് നമ്മുടെ നേട്ടമെന്നും പുസ്തകങ്ങളെ ഇനിയും ചേർത്തുപിടിക്കാൻ കഴിയണമെന്നും കഥാകൃത്ത്‌ ടി പത്മനാഭൻ. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി കണിച്ചാറിൽ സമ്പൂർണ ലൈബ്രറി പഞ്ചായത്ത്‌ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
 പതിമൂന്ന്‌ വാർഡുള്ള പഞ്ചായത്തിൽ ആകെ 17 ലൈബ്രറികളാണ്‌ നിലവിൽ വന്നത്‌. വിവിധ വാർഡുകളിലായി 14 ലൈബ്രറികൾ. ആറ്റാംഞ്ചേരി പണിയ കോളനിയിലും വെള്ളറ, ചെങ്ങോത്ത്‌ ട്രൈബൽ കോളനികളിലുമായി മൂന്നെണ്ണവും ആരംഭിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി. ഡോ. വി ശിവദാസൻ എംപി മുഖ്യാതിഥിയായി. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ ലൈബ്രറി കോൺഗ്രസ്‌ രജിസ്ട്രേഷൻ ലിസ്റ്റ് ഏറ്റുവാങ്ങി.
 തൊണ്ണൂറ്റിമൂന്ന്‌ വയസ്സിലേക്കുകടക്കുന്ന ടി പത്മനാഭന് ചടങ്ങിൽ സ്വീകരണവും നൽകി. കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ സ്കൂൾ വിദ്യാർഥികൾ പിറന്നാൾ കേക്ക് നൽകി. ആറ്റാംഞ്ചേരി കോളനിയിലെ ഊരുമൂപ്പൻ ചന്ദ്രനും കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്‌റ്റ്യനും പൊന്നാടയണിയിച്ചു. 
  കേളകം പഞ്ചായത്ത് പ്രസിഡന്റ്‌ സി ടി അനീഷ്, ജില്ലാ പഞ്ചായത്തംഗം വി ഗീത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മൈഥിലി രമണൻ എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top