03 July Thursday

തലശേരിയിൽ ജാഗ്രതസദസ്‌ മതമൈത്രി തകർക്കാൻ 
അനുവദിക്കില്ല 


വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ഡിവൈഎഫ്‌ഐ തലശേരിയിൽ സംഘടിപ്പിച്ച ജാഗ്രതാസദസ് സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു.

തലശേരി
നാടിന്റെ മതമൈത്രിയും സമാധാനവും തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ തലശേരിയിൽ ഡിവൈഎഫ്‌ഐ ജാഗ്രതാസദസ്. പുതിയ ബസ്‌സ്‌റ്റാൻഡിൽ സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ഉത്തരേന്ത്യൻ അജൻഡ നടപ്പാക്കാൻ ആർഎസ്‌എസ്സിനെ കേരളം വിടില്ലെന്ന്‌ എം വി ജയരാജൻ പറഞ്ഞു. 
ഗുജറാത്തിൽ നിങ്ങൾ പള്ളിപൊളിച്ചിട്ടുണ്ടാകും. ഇവിടെ പള്ളി തകർക്കാൻ വന്നാൽ ജീവൻ നൽകിയും ഞങ്ങൾ തടയും. ആർഎസ്‌എസ്സിന്റെ ആൾക്കൂട്ട അക്രമം കേരളത്തിൽ നടപ്പില്ല. തലശേരി കലാപം എങ്ങനെയാണ്‌ തടഞ്ഞതെന്ന്‌ ഓർക്കുന്നത്‌ നല്ലതാണ്‌. 
പള്ളികളെ രാഷ്‌ട്രീയവേദികളാക്കാൻ മുസ്ലിംലീഗും ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കാൻ ആർഎസ്‌എസ്സും നടത്തുന്ന നീക്കം വിശ്വാസികൾ തിരിച്ചറിയണം. പള്ളികളിൽ സർക്കാർ വിരുദ്ധ രാഷ്‌ട്രീയ പ്രചാരണം നടത്താനുള്ള മുസ്ലിംലീഗ്‌ നീക്കത്തെ സമുദായ സംഘടനകളടക്കം എതിർത്തു. ലീഗിന്റെ രാഷ്‌ട്രീയക്കളി പള്ളികളിൽ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ സമുദായ സംഘടനകൾ–- എം വി ജയരാജൻ പറഞ്ഞു. 
എൻ പി ജസീൽ അധ്യക്ഷനായി. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എ എൻ ഷംസീർ എംഎൽഎ, ജില്ലാ പ്രസിഡന്റ്‌ മനുതോമസ്‌, സരിൻ ശശി, മുഹമ്മദ്‌ അഫ്‌സൽ, എ കെ രമ്യ, പി വി സച്ചിൻ, സി എൻ ജിഥുൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാകമ്മിറ്റിയംഗം എം സി പവിത്രൻ, ഏരിയാ സെക്രട്ടറി സി കെ രമേശൻ എന്നിവരും പങ്കെടുത്തു. ടൗണിൽ പ്രകടനവുമുണ്ടായി. ആർഎസ്‌എസ്സിന്റെ വിദ്വേഷമുദ്രാവാക്യത്തിനെതിരെ കോൺഗ്രസ്‌, മുസ്ലിംലീഗ്‌, എസ്‌ഡിപിഐ സംഘടനകളും ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top