29 March Friday

മോദിയുടേത് താൽക്കാലിക പിന്മാറ്റം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പിലാത്തറയിൽ വിദ്യാർഥി സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ പൊളിറ്റ്‌ ബ്യുറോ അംഗം എം എ ബേബി വേദിയിലേക്ക്‌

പിലാത്തറ
അമ്പത്തിനാല്‌ ഇഞ്ച് നെഞ്ചളവിന്റെ വീരസ്യം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കർഷകരുടെ ഐതിഹാസിക സമരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.  ഇത്തരം പ്രക്ഷോഭങ്ങൾ രാജ്യത്ത് കരുത്താർജിക്കുമെന്നും സിപിഐ എം ജില്ലാസമ്മേളനത്തിന്റെ  ഭാഗമായി പിലാത്തറയിൽ ചേർന്ന വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 
 മോദിയുടെ  നീക്കം താൽക്കാലിക പിൻമാറ്റമായേ കാണാൻ കഴിയൂ.  അംബാനി –--അദാനിമാരടങ്ങുന്ന കോർപ്പറേറ്റുകൾക്ക് കർഷകരെയാകെ അടിമകളാക്കാൻ അച്ചാരം വാങ്ങിയവരാണിവർ. നിയമം പിൻവലിക്കുമ്പോഴും അത് തെറ്റായിരുന്നുവെന്ന് സമ്മതിക്കാൻ മോദി തയ്യാറായിട്ടില്ല. കർഷകർക്ക് ഗുണം ചെയ്യുന്ന നിയമമാണെന്ന കാര്യം ബോധ്യപ്പെടാത്തതുകൊണ്ടാണെന്നാണ് പറയുന്നത്. അതിനർഥം മറ്റേതെങ്കിലും രൂപത്തിൽ കർഷകദ്രോഹ നടപടിക്ക് ശ്രമിക്കുമെന്ന് തന്നെയാണ്. 
 കർഷക പ്രക്ഷോഭത്തിൽ കോൺഗ്രസിനെ പങ്കെടുപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച തയാറായിട്ടില്ല. അവരുടെ പ്രകടന പത്രികയിലും ഇതേ നയമാണ് എഴുതിവച്ചിട്ടുള്ളത്. അവർ വന്നാലും ഇതേ നയം നടപ്പാക്കുമായിരുന്നു. സിപിഐ എം നേതാക്കൾ നേതൃത്വം നൽകുന്ന അഖിലേന്ത്യാ കിസാൻസഭ മാത്രമാണ് മുന്നൂറോളം വരുന്ന സംയുക്ത മോർച്ചയിൽ രാഷ്ട്രീയ ബന്ധമുള്ള സംഘടനയെന്നും ബേബി പറഞ്ഞു. 
    എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ സി പി ഷിജു അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം എ പി അൻവീർ, ജില്ലാ സെക്രട്ടറി ഷിബിൻ കാനായി,  പി ജിതിൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം  ടി വി രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ വി നാരായണൻ, പി പി ദാമോദരൻ, ഏരിയ സെക്രട്ടറി കെ പത്മനാഭൻ, സി എം വേണുഗോപാലൻ, വി വിനോദ്, ടി വി ചന്ദ്രൻ, എം വി രാജീവൻ എന്നിവരും പങ്കെടുത്തു. അഭിജിത് ചെറുകുന്ന്  പുല്ലാങ്കുഴൽ വാദനം നടത്തി. ആദ്യകാല എസ്എഫ്ഐ പ്രവർത്തകരെ ആദരിച്ചു.  കെ സി തമ്പാൻ  സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top