18 April Thursday
എസ്എഫ്ഐ ഇടപെട്ടു

കോളേജ്‌ മാനേജ്മെന്റ് കൈക്കലാക്കിയ സ്‌കോളർഷിപ്പ്‌ തുക തിരികെ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
കൂത്തുപറമ്പ്
വിദ്യാർഥികളെ കബളിപ്പിച്ച് സ്വാശ്രയ എൻജിനിയറിങ്‌ കോളേജ്‌ മാനേജ്മെന്റ്‌ കൈക്കലാക്കിയ സ്‌കോളർഷിപ്പ്‌ തുക ഏഴുവർഷത്തിനുശേഷം തിരിച്ചുനൽകി. 50 ലക്ഷത്തോളം രൂപയാണ്‌ വിദ്യാർഥികൾക്ക് തിരികെ ലഭിച്ചത്‌. ശിവപുരം സെന്റ്‌ തോമസ്‌ എൻജിനിയറിങ് കോളേജ് അധികൃതരാണ് എസ്‌എഫ്‌ഐ സമരത്തെ തുടർന്ന്‌ തുക പലിശസഹിതം തിരിച്ചുകൊടുത്തത്‌.
 താഴ്‌ന്ന വരുമാനക്കാരും ഫീസിളവ്‌ ലഭിക്കേണ്ടവരുമായ വിദ്യാർഥികൾക്ക്‌ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ) നൽകുന്ന സ്‌കോളർഷിപ്പ്‌ തുക കോളേജ്‌ മാനേജ്‌മെന്റ്‌ തട്ടിയെടുക്കുകയായിരുന്നു. 
വർഷംതോറും എഐസിടിഇ സ്‌കോളർഷിപ്പിന്‌ അർഹരെന്ന്‌ കണ്ടെത്തുന്നവരുടെ പേര്‌ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ച്‌  വിദ്യാർഥികളെ അറിയിക്കണമെന്നാണ്‌ ചട്ടം. എന്നാൽ, അർഹരുടെ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കാതെ ആനുകൂല്യം നിഷേധിക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ സഹായത്തോടെയാണ്‌ ആനുകൂല്യം തടഞ്ഞുവച്ചതെന്ന്‌ വിദ്യാർഥികൾ പറയുന്നു. 
അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട്‌ എസ്എഫ്ഐ  കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ്‌ ഓഫീസ്‌ ഉപരോധമടക്കമുള്ള സമരങ്ങൾ നടത്തിയിരുന്നു. തുടർന്നാണ്‌ തുക തിരിച്ചുനൽകാൻ തീരുമാനമായത്‌.  2014ലെ ആദ്യ ബാച്ചുകാരായ 40 വിദ്യാർഥികൾക്ക്‌ പണമായും മറ്റുള്ളവർക്ക്‌  കോളേജിൽ നൽകേണ്ട ഫീസിൽ വരവുവച്ചുമാണ്‌ തുക തിരികെ നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top