24 April Wednesday

കണ്ണൂർ വിമാനത്താവള വികസനത്തിന്‌ മുന്നിൽനിന്ന നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
കണ്ണൂർ
കണ്ണൂരിന്റെ സ്വപ്നപദ്ധതിയായ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന്‌ മുൻനിരയിൽനിന്ന നേതാവിന്റെ അന്ത്യയാത്രക്കും അതേ മണ്ണ്‌ സാക്ഷിയായി. ആഭ്യന്തര-–-ടൂറിസം മന്ത്രിയായിരിക്കെയും അതിനു മുമ്പും പിമ്പും വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പും കല്ലിടലും തൊട്ട്‌  ഉദ്ഘാടനംവരെ ഓരോന്നിലും സൂക്ഷ്മതയോടെ ഇടപെട്ട നേതാവായിരുന്നു കോടിയേരി. കണ്ണൂരിൽനിന്നുള്ള മന്ത്രിയെന്ന നിലയിൽ സ്ഥലമെടുപ്പ് നടപടി ഊർജിതമാക്കാൻ സദാ ഇടപെട്ട ജനപ്രതിനിധി. 2009 ഡിസംബറിൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ചെയർമാനായി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. 
2010 ഡിസംബർ 17ന് നടന്ന വിമാനത്താവള കല്ലിടൽ ചടങ്ങിന്റെ സംഘാടക സമിതി ചെയർമാനായും പ്രവർത്തിച്ചു. ചടങ്ങ്‌ വിജയമാക്കാൻ ദിവസങ്ങളോളം അദ്ദേഹം മട്ടന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.
വിമാനത്താവള റൺവേ 4000 ൽ നിന്നും 3050 മീറ്ററായി വെട്ടിച്ചുരുക്കി  വികസനം സ്തംഭിപ്പിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചപ്പോൾ വികസന സ്നേഹികളുമായി കൈകോർത്ത് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും മുന്നിട്ടിറങ്ങി. റൺവേ വെട്ടിച്ചുരുക്കുന്നതിൽ പ്രതിഷേധിച്ച് അന്ന് മട്ടന്നൂർ എംഎൽഎയായിരുന്ന ഇ പി ജയരാജൻ കിയാൽ പ്രൊജക്ട് ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസം ഉദ്ഘാടനംചെയ്ത കോടിയേരി  വിമാനത്താവള നിർമാണം സ്തംഭിപ്പിക്കുന്ന ചിലരുടെ ഗൂഢലക്ഷ്യത്തെക്കുറിച്ച് ശക്തമായി പ്രതികരിച്ചു. രാജ്യത്തിന് മാതൃകയായ കണ്ണൂർ വിമാനത്താവള പുനരധിവാസ പാക്കേജിന്റെ ശിൽപ്പിയും കോടിയേരിയാണ്.  വിമാനത്താവളത്തിന് സ്ഥലവും വീടും വിട്ടുനൽകുന്നവർക്ക് മാർക്കറ്റ് വിലയേക്കാൾ നഷ്ടപരിഹാരവും വീടു നിർമിക്കാൻ 10 സെന്റ്‌ സ്ഥലവും കുടുംബാംഗങ്ങളിലൊരാൾക്ക് വിമാനത്താവളത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലിയും നൽകുന്ന പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കുന്നതിന് പിന്നിൽ കോടിയേരിയെന്ന ജനകീയ ഭരണാധികാരിയുടെ ഇച്ഛാശക്തിയായിരുന്നു.
2018 ഡിസംബർ ഒമ്പതിന് വിമാനത്താവളം ഉദ്ഘാടനച്ചടങ്ങിലും കോടിയേരി നിറസാന്നിധ്യമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top