18 December Thursday

പാപ്പിനിശേരി ഇൻഡോർ സ്‌റ്റേഡിയം 
നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

പാപ്പിനിശേരി ഇൻഡോർ സ്‌റ്റേഡിയം നിർമാണോദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കുന്നു

 പാപ്പിനിശേരി

പാപ്പിനിശേരി  ഇൻഡോർ സ്‌റ്റേഡിയം നിർമാണം കായിക മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്‌തു.  ഇ പി ജയരാജൻ കായിക മന്ത്രിയായ ഘട്ടത്തിലാണ്   4.89 കോടി രൂപ അനുവദിച്ചത്.  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തുരുത്തിയിൽ 35 മീറ്റർ വീതം നീളവും വീതിയുമുള്ള സ്റ്റേഡിയമാണ് നിർമിക്കുന്നത് .  നാല് ബാഡ്‌മിന്റൺ കോർട്ട്, ബാസ്‌കറ്റ് ബോൾ കോർട്ട്, ശുചിമുറി ബ്ലോക്ക്, ചുറ്റുമതിൽ, മഴവെള്ള സംഭരണി തുടങ്ങിയവ ഒരുക്കും. എട്ടുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യം.  കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ മുഖ്യാതിഥിയായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എ പി എം അഷ്റഫ് മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജിഷ,  പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുശീല, വൈസ് പ്രസിഡന്റ്‌ കെ പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി അജിത, കെ ശോഭന,  വി പ്രസന്ന, കെ നാരായണൻ, ഇ പ്രമോദ്, ജാഫർ മാങ്കടവ്, ഷുക്കൂർ മാങ്കടവ്, വി വി അശോകൻ, അഷറഫ് പഴഞ്ചിറ, മാണുക്കര ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ കെ അജയകുമാർ നന്ദി പറഞ്ഞു.
കായികമേഖലയിൽ നിക്ഷേപം വർധിപ്പിക്കും: മന്ത്രി
പാപ്പിനിശേരി 
കായികമേഖലയിൽ കേരളത്തിലെ നിക്ഷേപം വർധിപ്പിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. പാപ്പിനിശേരി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  45,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ കായികമേഖലയിലുള്ളത്. സ്വകാര്യമേഖലയിൽ ഉൾപ്പെടെ ഇത് വ്യാപിപ്പിക്കും. നിക്ഷേപം കൂടുമ്പോൾ നാടിന് കൂടുതൽ വളർച്ചയുണ്ടാകും. 
തദ്ദേശസ്ഥാപനങ്ങൾക്ക് ഇനി പ്ലാൻ ഫണ്ടിൽനിന്ന്‌ 10 ശതമാനം കായിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുംവിധം  തീരുമാനമുണ്ടാക്കും.  മാർഗരേഖ ഉടൻ പുറത്തിറക്കും. ഇതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനാകും. കായികയിനങ്ങൾ മത്സരത്തിന് മാത്രമുള്ളതല്ല. ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനാണെന്നും കളിക്കളങ്ങളിലേക്ക് യുവതലമുറ മാത്രമെത്തുന്നത്‌ മാറണമെന്നും ഇതിന്‌ പഞ്ചായത്തുകൾ  നേതൃത്വം നൽകണമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top