കണ്ണൂർ
ജില്ലയിൽ ബിവറേജ് ഔട്ട്‌ലറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ. പയ്യന്നൂർ, കേളകം, താഴെചൊവ്വ, കണ്ണൂർ, ചക്കരക്കൽ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. എല്ലായിടത്തും സ്‌റ്റോക്ക് രജിസ്‌റ്ററിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. വിലനിലവാരപ്പട്ടിക ഒരിടത്തും പ്രദർശിപ്പിച്ചിട്ടില്ലെന്നും വിജിലൻസ് അറിയിച്ചു.
കയറ്റിറക്കിന്റെ ഭാഗമായി പൊട്ടിപ്പോയതായി എല്ലായിടത്തും രേഖപ്പെടുത്തിയ കുപ്പികളുടെ എണ്ണവും സംശയാവഹമാണ്. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്താനാണ് വിജിലൻസ് തീരുമാനം. പയ്യന്നൂരിലെ ഒരു കൗണ്ടറിൽ മാത്രം 496 കുപ്പിയാണ് പൊട്ടിപ്പോയതായി രേഖപ്പെടുത്തിയത്. കേളകത്ത് 622 കുപ്പിയാണ് പൊട്ടിപ്പോയത്. ചക്കരക്കല്ലിൽ പൊട്ടിപ്പോയത് 631 കുപ്പിയാണ്. താഴെചൊവ്വയിൽ 280 ലിറ്റർ പൊട്ടി നശിച്ചു. കണ്ണൂർ ധനലക്ഷ്‌മി ആശുപത്രി സമീപത്തെ കൗണ്ടറിൽ ഒരു വർഷം 562 ലിറ്റർ മദ്യമാണ് കുപ്പിപൊട്ടി നശിച്ചതായി രേഖപ്പെടുത്തിയത്. പയ്യന്നൂരിൽ ഒരു ബ്രാൻഡിന്റെ 500 മില്ലി ലിറ്ററിന്റെ 48 കുപ്പിയും മറ്റൊരു ബ്രാൻഡിന്റെ ആറ് കുപ്പിയും കാണാനില്ലെന്നും കണ്ടെത്തി. ഇന്റേണൽ പരിശോധനകൾ കാര്യക്ഷമമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പലയിടത്തും ഒരാൾക്ക് കൂടുതൽ കുപ്പികൾ ഒന്നിച്ച് നൽകുകയും രണ്ടോ മൂന്നോ ബില്ലുകളാക്കുകയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂരിൽ അനധികൃതമായി ഒരാൾ ജോലി ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി. ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്, ഇൻസ്‌പെക്ടർമാരായ പി ആർ മനോജ്, ആർ വിനോദ്, സന്തോഷ്, കെ അജിത് കുമാർ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..