19 December Friday

പയ്യാമ്പലത്തെത്തിയത്‌ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
കണ്ണൂർ
ജനനായകന്റെ ജ്വലിക്കുന്ന ഓർമകളുമായി പയ്യാമ്പലത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. കോടിയേരി ബാലകൃഷ്ണൻ എന്ന വിപ്ലവകാരിക്ക് ജനഹൃദയങ്ങളിൽ മരണമില്ലെന്ന് ആ ജനസഞ്ചയം ഒരിക്കൽകൂടി ഓർമപ്പെടുത്തി.  സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്നുള്ള ജനങ്ങൾ ഒന്നാം ചരമവാർഷികദിനത്തിൽ   പയ്യാമ്പലത്തേക്ക് പ്രവഹിച്ചു.  
രാവിലെ ആറുമുതൽ തന്നെ കനത്ത മഴയെ കൂസാതെ ജനങ്ങൾ  വാഹനങ്ങളിലും കാൽനടയായും എത്തിക്കൊണ്ടിരുന്നു.  
സ്റ്റേഡിയം കോർണറിൽനിന്ന് ആരംഭിച്ച പ്രകടനം എത്തുന്നതിനെ മുമ്പേ പയ്യാമ്പലം ജനനിബിഡമായി. പ്രകടനത്തിലും നാടിന്റെ നാനാതുറകളിലുള്ളവർ അണിചേർന്നു. കോടിയേരിക്ക്‌ നാട്‌ നൽകിയ  യാത്രയയപ്പിനെ ഓർമപ്പെടുത്തുന്നതായിരുന്നു പയ്യാമ്പലത്തെ കാഴ്‌ചകൾ.  
 ബഹുജന പ്രകടനം സ്മൃതിമണ്ഡപത്തിന് സമീപത്തെത്തിയപ്പോൾ പ്രിയ നേതാവ് മരിക്കുന്നില്ലെന്ന മുഷ്ടിചുരുട്ടിയുള്ള മുദ്രവാക്യം വിളികൾ തീരത്ത് അലയടിച്ചു. ശിൽപ്പി ഉണ്ണി കാനായി തീർത്ത കോടിയേരിയുടെ സ്‌മൃതിമണ്ഡപം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാഛാദനം ചെയ്തു. തുടർന്നായിരുന്നു പുഷ്‌പാർച്ചന.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ  എം പ്രകാശൻ,  കാരായി രാജൻ,  ടി കെ ​ഗോവിന്ദൻ, എം സുരേന്ദ്രൻ,  പി ഹരീന്ദ്രൻ, പി വി ​ഗോപിനാഥ്, എംഎൽഎമാരായ കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപള്ളി, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് തുടങ്ങിയവർ അനുസ്മരണത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top