തലശേരി
ജനനായകന്റെ ദീപ്‌ത സ്‌മരണയിൽ ചെമ്പട ചുവടുവച്ചപ്പോൾ നഗരം ചെമ്പട്ടണിഞ്ഞു. കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാംചരമവാർഷിക ദിനത്തിൽ ആയിരങ്ങൾ അണിനിരന്ന റാലി നടന്നു. തലശേരി കോട്ട പരിസരത്തുനിന്നാണ് ബാന്റ്‌വാദ്യത്തിന്റെ അകമ്പടിയോടെ മാർച്ച് തുടങ്ങിയത്. നഗരവീഥിയിലൂടെ നീങ്ങിയ മാർച്ച് കാണാനും അഭിവാദ്യം അർപ്പിക്കാനും ജനങ്ങൾ തിങ്ങിനിറഞ്ഞു.
റാലിയിലേക്ക് നാടിന്റെ നാനാഭാഗത്തുനിന്നും ജന മഹാപ്രവാഹമായിരുന്നു. അനുസ്‌മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ, കാരായി രാജൻ എന്നിവർ സംസാരിച്ചു. ജിത്തു കോളയാട് സംവിധാനം ചെയ്‌ത ‘കോടിയേരി ഒരു ദേശം, ഒരു കാലം’ ഡോക്യുമെന്ററി പ്രദർശനവുമുണ്ടായി.
പയ്യാമ്പലത്ത് കോടിയേരി സ്‌മൃതിമണ്ഡപം നിർമിച്ച ശിൽപി ഉണ്ണി കാനായിക്ക് ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ വരച്ച പെയിന്റിങ് മുഖ്യമന്ത്രി ഉപഹാരമായി നൽകി. ശിൽപ്പി ചിത്രൻ കുഞ്ഞിമംഗലം നിർമിച്ച കോടിയേരിയുടെ ശിൽപ്പം കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി എന്നിവർക്ക് കൈമാറി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, പി ശശി, കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രൻ, എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, വി കെ സനോജ്, കെ കെ പവിത്രൻ, എം സി പവിത്രൻ, കെ ലീല, സി കെ രമേശൻ, കെ ഇ കുഞ്ഞബ്ദുള്ള, കെ ശശിധരൻ എന്നിവർ പങ്കെടുത്തു. തലശേരി നാട്ടുകൂട്ടത്തിന്റെ നാട്ടറിവ് പാട്ടുകളും അരങ്ങേറി.
തലശേരി ഏരിയയിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രത്യേക മണ്ഡപത്തിൽ സ്ഥാപിച്ച കോടിയേരിയുടെ ഛായാചിത്രത്തിൽ ആയിരങ്ങൾ പുഷ്‌പാർച്ചന നടത്തി. വൈദ്യുതി ദീപങ്ങളും ചെങ്കൊടികളും ചെന്തോരണങ്ങളാലും പാർടി ഓഫീസും പരിസരവും അലങ്കരിച്ചിരുന്നു. വിവിധ കേന്ദ്രങ്ങളിൽ ശുചീകരണവും സംഘടിപ്പിച്ചു.
തളിപ്പറമ്പ്
തളിപ്പറമ്പിൽ റെഡ് വളന്റിയർ മാർച്ചിലും അനുസ്‌മരണ റാലിയിലും ആയിരങ്ങൾ അണിനിരന്നു. കാക്കാത്തോട് ബസ് സ്റ്റാൻഡിൽനിന്നും ആരംഭിച്ച റെഡ് വളന്റിയർ മാർച്ച് ഉണ്ടപ്പറമ്പ് മൈതാനിയിൽ സമാപിച്ചു.
ജില്ലാ വൈസ് ക്യാപ്റ്റൻ സരിൻ ശശി നയിച്ച 5000 പേരുടെ വളന്റിയർ മാർച്ചിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, ടി ഐ മധുസൂദനൻ, പി വി ഗോപിനാഥ് ജില്ലാ കമ്മിറ്റി അംഗങ്ങളായ വി നാരായണൻ, പി മുകുന്ദൻ, എം കരുണാകരൻ, എം വിജിൻ എംഎൽഎ, കെ പത്മനാഭൻ, പി സന്തോഷ് എന്നിവർ പങ്കെടുത്തു. രക്തസാക്ഷി ധീരജിന്റെ അച്ഛൻ ജി രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണനെക്കുറിച്ച് എഴുതിയ ‘സ്‌മരണാഞ്‌ജലി’ കവിത ആലപിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ് സ്വാഗതം പറഞ്ഞു. കോടിയേരി ഒരു ദേശം ഒരു കാലം ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. റംഷി പട്ടുവത്തിന്റെ നാടൻപാട്ടും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..