29 March Friday

മറക്കാനാകില്ല ജനനായകനെ

പി ദിനേശൻUpdated: Sunday Oct 2, 2022

വലിയന്നൂർ എൻ അബ്ദുള്ള സ്മാരക മന്ദിരം ഉദ്ഘാടനത്തിന് 
കോടിയേരി ബാലകൃഷ്ണൻ എത്തിയപ്പോൾ. (ഫയൽ)

തലശേരി
വികസനത്തിലെ കോടിയേരി മോഡൽ ലോകം ശ്രദ്ധിച്ചതാണ്‌. ജനഹൃദയങ്ങൾ ചേർത്ത്‌ പിടിച്ച്‌ കോടിയേരി ഇറങ്ങിയപ്പോൾ തലശേരി മണ്ഡലത്തിൽ ഗവ. കോളേജിനും അമ്മയും കുഞ്ഞും ആശുപത്രിക്കും കോടികൾ വിലമതിക്കുന്ന ഭൂമിയായി. കോടിയേരിക്ക്‌ മുന്നിൽ ഒന്നും അസാധ്യമായിരുന്നില്ല. അസാധ്യമാണെന്ന്‌ തോന്നുന്നതിനെയും സാധ്യമാക്കുന്ന ഉൾക്കാഴ്‌ചയും ഭാവനയും ഒത്തിണങ്ങിയ നേതാവാണ്‌ കോടിയേരി ബാലകൃഷ്‌ണൻ. കോടിയേരി ബാലകൃഷ്‌ണൻ വിടപറയുമ്പോൾ ജനമനസ്സിൽ ജ്വലിച്ചുനിൽക്കുകയാണ്‌ നന്മയുടെയും പ്രതീക്ഷയുടെയും ആകാശം തീർത്ത ജനനായകൻ. 
ചൊക്ലി തൊളുവർകുന്നിലെ തലശേരി ഗവ. കോളേജിനും തലശേരി അമ്മയും കുഞ്ഞും ആശുപത്രിക്കുമുള്ള സ്ഥലമെടുപ്പുമാത്രം മതി കോടിയേരിയെന്ന രാഷ്‌ട്രീയനേതാവിന്റെ ദീർഘവീക്ഷണം മനസ്സിലാക്കാൻ. കോർത്തുപിടിച്ച കൈകളും ചേർന്നുനിന്ന മനസ്സുകളും ഒന്നാക്കിമാറ്റിയാണ്‌ രണ്ട്‌ പദ്ധതികളും അദ്ദേഹം ലക്ഷ്യത്തിലെത്തിച്ചത്‌. വികസനത്തിലെ കോടിയേരി മോഡൽ എന്നാണ്‌ അതിനെ നാട്‌ വിശേഷിപ്പിച്ചത്‌. മാധ്യമങ്ങൾ മുഖപ്രസംഗങ്ങളെഴുതി. രാജ്യത്തിന്‌ അനുകരണീയ മാതൃക സൃഷ്‌ടിച്ച ഈ ജനനായകനെ തലശേരി മണ്ഡലത്തിന്‌ ഒരുകാലവും മറക്കാനാകില്ല. 
തലശേരി പൈതൃകടൂറിസം പദ്ധതിക്ക്‌ തുടക്കം കുറിച്ചതും കോടിയേരിയാണ്‌. ആഭ്യന്തര–-ടൂറിസം മന്ത്രിയായ കാലത്തും ഒരുപാട്‌ പദ്ധതികൾ അദ്ദേഹം ആവിഷ്‌കരിച്ച്‌ നടപ്പാക്കി. എണ്ണിപ്പറയാൻ എത്രയോ പദ്ധതികൾ അദ്ദേഹം തലശേരിക്ക്‌ സമ്മാനിച്ചു. പാലങ്ങൾ, റോഡുകൾ, സ്‌കൂൾ കെട്ടിടങ്ങൾ അങ്ങനെ എവിടെ നോക്കിയാലും കോടിയേരി പടുത്തുയർത്തിയ സ്ഥാപനങ്ങൾ കാണാം. അർബുദ രോഗികൾക്ക്‌ അഭയമായ ആശ്രയയുടെ ശിൽപ്പിയും കോടിയേരിയായിരുന്നു. ഏറ്റവുമൊടുവിൽ അദ്ദേഹം പങ്കെടുത്തതും ആശ്രയക്ക്‌ ധനം സമാഹരിക്കുന്ന ചടങ്ങിലായിരുന്നു. തലശേരി കോ–-ഓപ്പറേറ്റീവ്‌ ആശുപത്രിയുടെ സ്ഥാപക പ്രസിഡന്റും കോടിയേരിയായിരുന്നു. 
തലശേരിയായിരുന്നു കോടിയേരിയുടെ രാഷ്‌ട്രീയ തട്ടകം. ഏത്‌ മുക്കും മൂലയും കോടിയേരിക്ക്‌ ഹൃദിസ്ഥം. നാട്ടിടവഴികളിലൂടെ പരിചയക്കാരോട്‌ കുശലം പറഞ്ഞ്‌ നടന്നുപോകുന്ന കോടിയേരിയെ നാട്‌ മനസ്സിൽ സൂക്ഷിച്ചു. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിച്ചു. ഇന്നുകാണുന്ന കമ്യൂണിസ്‌റ്റ്‌ സാന്ദ്രതയിലേക്ക്‌ തലശേരിയെ, കണ്ണൂരിനെ വളർത്തിയവരിൽ പ്രമുഖനാണ്‌ കോടിയേരി. എല്ലാവരോടും സുഖവിവരം തിരക്കിയും ചിരിച്ച്‌ കുശലം പറഞ്ഞും നടന്നുപോകുന്ന കോടിയേരി. പരിചയപ്പെടുന്നവരെല്ലാം സ്വന്തം കുടുംബാംഗത്തെ പൊലെ അദ്ദേഹത്തെ ഇടനെഞ്ചോട്‌ ചേർത്തുനിർത്തി. ജനങ്ങൾക്കിടയിൽ ജീവിച്ച്‌, അവരിൽനിന്ന്‌ ഊർജം ഉൾക്കൊണ്ട നേതാവായിരുന്നു അദ്ദേഹം. 
തലശേരി ഹൃദയത്തിലേറ്റിയ നേതാവ്‌
തലശേരി എന്നും ഈ ജനകീയ നേതാവിനെ ഹൃദയത്തോട്‌ ചേർത്തു നിർത്തിയിട്ടേയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എന്നും ഈ നാട്‌ കോടിയേരിയെ വിജയതിലകമണിയിച്ചു. 1982, 1987, 2001, 2006, 2011 തെരഞ്ഞെടുപ്പുകളിൽ തലശേരിയെ നിയമസഭയിൽ പ്രതിനീധീകരിച്ചു. കെ സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനുമടക്കമുള്ള കോൺഗ്രസിലെ പ്രമുഖരെല്ലാം തലശേരിയിൽ കോടിയേരിയുടെ മുന്നിൽ മുട്ടുകുത്തിവീണു. ജനങ്ങൾ കോടിയേരിക്കും സിപിഐ എമ്മിനും ഒപ്പം നിന്നു. നിയമസഭയിലും അദ്ദേഹം എന്നും തിളങ്ങി. കുറിക്കുകൊള്ളുന്ന വാദമുഖങ്ങളുന്നയിച്ച്‌ രാഷ്‌ട്രീയ എതിരാളികളെ അദ്ദേഹം വെട്ടിലാക്കി. നിയമസഭയിൽ കാര്യങ്ങൾ പഠിച്ച്‌ അവതരിപ്പിക്കുന്നതായിരുന്നു ശൈലി. 2001ൽ പ്രതിപക്ഷ ഉപനേതാവായി. 2006ൽ ആഭ്യന്തര–- ടൂറിസം മന്ത്രി. 
ഏത്‌ പ്രതിസന്ധിയെയും നിറഞ്ഞചിരിയോടെ നേരിടുന്ന ശൈലി. അതാണ്‌ കോടിയേരി ബാലകൃഷ്‌ണന്റെ സവിശേഷത. പലവിധ കടന്നാക്രമണങ്ങളെ നേരിട്ടപ്പോഴും പതറാതെ, ഉറച്ച രാഷ്ട്രീയ നിലപാടുമായിനിന്ന  നേതൃശേഷി കേരളം പലവട്ടം കണ്ടതാണ്‌. നർമം കലർത്തിയുള്ള പ്രസംഗത്തിൽ, പെരുമാറ്റത്തിൽ, ഇടപെടലിൽ എല്ലാറ്റിലുമുണ്ടായിരുന്നു എന്നുമൊരു കോടിയേരി ടച്ച്‌. 
അദ്ദേഹത്തിന്‌ മാരകമായ അസുഖം ബാധിച്ചതറിഞ്ഞപ്പോൾ മനസ്‌ നൊന്ത്‌ വിലപിച്ച അനേകായിരങ്ങളുണ്ട്‌. രോഗമുക്തിനേടി പഴയ പ്രസരിപ്പോടെ കോടിയേരി തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവർ. നാടിനെ കണ്ണീരിലാഴ്‌ത്തിയാണ്‌ ഒടുവിൽ കോടിയേരി വിടപറയുന്നത്‌. 
അഗ്നിപരീക്ഷണങ്ങളിൽ ഉരുകിത്തെളിഞ്ഞ്‌
കമ്യൂണിസ്‌റ്റുകാരുടെ ജീവിതത്തിൽ സംഭവിക്കാവുന്ന എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിച്ച നേതാവാണ്‌ കോടിയേരി. ലോക്കപ്പും ജയിലും കള്ളക്കേസും രാഷ്‌ട്രീയ എതിരാളികളുടെ കടന്നാക്രമണങ്ങളെയുമെല്ലാം അദ്ദേഹം നിർഭയം അഭിമുഖീകരിച്ചു. ഇതിലൊന്നും കീഴ്‌പ്പെടുത്താനാകാതെ കുടുംബത്തിനെതിരെയടക്കം രാഷ്‌ട്രീയ എതിരാളികൾ നീങ്ങുന്നതും കേരളം കണ്ടു. മകനെ കേസിൽപെടുത്തി കോടിയേരിയെ തളർത്താൻ നോക്കി. 
ക്യാൻസർ രോഗത്തിനുമുന്നിൽ പലരും പതറി പോകുന്നത്‌ നാം കാണാറുണ്ട്‌. എന്നാൽ തന്നെ ബാധിച്ച മാരക രോഗത്തെയും ഉറച്ച മനസ്സോടെ അദ്ദേഹം നേരിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ അവസാനഘട്ടത്തിലാണ്‌ അദ്ദേഹം കണ്ണൂരിലും മാഹിയിലുമെത്തിയത്‌. ഓരോ കേന്ദ്രത്തിലും തടിച്ചുകൂടിയ ജനങ്ങൾക്ക്‌ മുന്നിൽ സരസമായി അദ്ദേഹം രാഷ്‌ട്രീയം വിശദീകരിച്ചു. നർമം കലർത്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ജനഹൃദയങ്ങൾ തൊടുന്നതായിരുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളോടുള്ള കരുതൽ കോടിയേരിയുടെ വാക്കിലും പ്രവൃത്തിയിലും കാണാം. 
മാഹി കോളേജിലെ 
പ്രഥമ ചെയർമാൻ 
മാഹി മഹാത്മഗാന്ധി ഗവ. കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ പ്രഥമ യൂനിയൻ ചെയർമാനായിരുന്നു കോടിയേരി. കോളേജിലെ ആദ്യബാച്ചിലെ വിദ്യാർഥി. കോളേജിലെ ആവശ്യങ്ങൾ ഉന്നയിച്ച്‌ സമരം ചെയ്‌തതിന്‌ കോളേജിൽനിന്ന്‌ പുറത്താക്കി. വലിയ സമ്മർദത്തിനും സമരത്തിനുമൊടുവിലാണ്‌ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന കോടിയേരിയെ തിരിച്ചെടുത്തത്‌. 
1970ലെ എസ്‌എഫ്‌ഐ രൂപീകരണ സമ്മേളനത്തിൽ മാഹി കോളേജ്‌ വിദ്യാർഥിയായാണ്‌ പങ്കെടുത്തത്‌. പതിനെട്ട്‌ വയസ്‌ തികയും മുമ്പേ പാർടി അംഗവും വീടിന്‌ സമീപമുള്ള ഈങ്ങയിൽപീടിക ബ്രാഞ്ച്‌ സെക്രട്ടറിയുമായി.
വിദ്യാർഥി ജീവിതകാലത്ത്‌ പൊതുരംഗത്ത്‌ തുടരാൻ പ്രോത്സാഹനം നൽകിയ കോടിയേരി ഈങ്ങയിൽപീടികയിലെ ബീഡിത്തൊഴിലാളികളെക്കുറിച്ച്‌ കോടിയേരി എന്നും പറയാറുണ്ട്‌. സംഘടനാപ്രവർത്തനത്തിന്‌ ആദ്യകാലത്ത്‌ സഹായിച്ചതും ബീഡിത്തൊഴിലാളികളായിരുന്നു. ഈങ്ങയിൽപീടിക ദേശീയവായനശാലയും കോടിയേരിയെന്ന നേതാവിനെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഗൗരവപൂർണമായ വായനയിലേക്ക്‌ കടക്കുന്നത്‌ ഇവിടെനിന്നാണ്‌. തലശേരിയും പരിസരങ്ങളിലുമുള്ള സ്‌കൂളുകളിൽ വിദ്യാർഥികളെ സംഘടിപ്പിച്ചാണ്‌ കോടിയേരി പൊതുപ്രവർത്തനം തുടങ്ങുന്നത്‌. 
കോടിയേരിക്കുനേരെയുള്ള ആക്രമണം
പത്താംക്ലാസ്‌ പരീക്ഷയുടെ അവസാന ദിവസമായിരുന്നു കോടിയേരി ബാലകൃഷ്‌ണനെ ആർഎസ്‌എസ്‌ ആക്രമിച്ചത്‌. 1969ൽ എസ്‌എസ്‌എൽസി പരീക്ഷ കഴിഞ്ഞ്‌ കോടിയേരി ലോക്കൽ കമ്മിറ്റിയംഗം കെ ജയരാജനുമൊത്ത്‌ തലശേരി മുകുന്ദ്‌ മല്ലർ റോഡ്‌ വഴി നടന്നുവരുമ്പോഴായിരുന്നു ആക്രണം. ജയരാജന്‌ മാരകമായി പരിക്കേറ്റു. കോടിയേരിയുടെ തലക്കായിരുന്നു പരിക്ക്‌. ഓവ്‌ചാലിലേക്ക്‌ കോടിയേരിയെ ചവിട്ടിതാഴ്‌ത്തുമ്പോൾ അവിടെ സഖാവ്‌ അവസാനിച്ചുവെന്നാണ്‌ സംഘപരിവാരം കരുതിയത്‌. എന്നാൽ പരിക്കുകളോടെ കോടിയേരി രക്ഷപ്പെട്ടു. പൂർവാധികം ശക്തിയോടെ അദ്ദേഹം പൊതുരംഗത്ത്‌ സജീവമായി. 
ഒക്‌ടോബറിന്റെ 
നഷ്‌ടം
ഇതുപോലൊരു ഒക്‌ടോബറിലാണ്‌ കേരളത്തിന്‌ സി എച്ച്‌ കണാരനെ നഷ്‌ടമായത്‌. സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറി സി എച്ചിന്റെ വേർപാടിന്റെ അമ്പതാംവർഷത്തിൽ കോടിയേരി രാജ്യത്തിന്‌ സംഭാവന നൽകിയ മറ്റൊരു നേതാവുകൂടി വിടപറയുന്നു. സി എച്ചിനുശേഷം കോടിയേരിയിൽനിന്ന്‌ സിപിഐ എമ്മിന്റെ അമരത്തെത്തിയ കമ്യുണിസ്‌റ്റ്‌ വിപ്ലവകാരി കോടിയേരിയുടെ വിയോഗത്തിന്റെ തീരാവേദനയിലാണിപ്പോൾ കേരളം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top