20 April Saturday
അംഗീകാരം മികച്ച ഭരണനടപടികൾക്ക്‌

ഐഎസ്ഒ നിറവിൽ ജില്ലാ പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

 കണ്ണൂർ

ജില്ലാ പഞ്ചായത്തിന് ഐഎസ്ഒ 9001: 2015 ഗുണമേന്മാ സർട്ടിഫിക്കറ്റ്. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് ബഹുമതി. കിലയുടെ സഹായത്തോടെ എൻഎബിസിബി അക്രഡിറ്റഡ് ഏജൻസിയായ ടിക്യൂ സർവീസ് രണ്ടുഘട്ടമായി നടത്തിയ ഓഡിറ്റിങ്ങിലൂടെയാണ് ജില്ലാ പഞ്ചായത്തിനെ സർട്ടിഫിക്കേഷനായി തെരഞ്ഞെടുത്തത്.
ഓഫീസിൽ സമ്പൂർണ ഗുണമേന്മാ സംവിധാനം നടപ്പാക്കി മികച്ച ഭരണ സേവനങ്ങൾ  നൽകുക, പദ്ധതികൾ  സുതാര്യവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, സ്ഥാപനത്തിന്റെ പുരോഗതി ഉറപ്പുവരുത്തുക, ഗുണമേന്മാ ലക്ഷ്യങ്ങൾ പരിശോധിക്കുക, ഓഫീസ് ജനസൗഹൃദമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് മാതൃകാപരമായി നടപ്പാക്കിയതായി കില വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ നടത്തിയ ജനകീയ ഇടപെടലുകളും ഡിജിറ്റൽ സമ്മേളന ഹാൾ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും കണക്കിലെടുത്തു.
തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ ഗുണനിലവാരശേഷി കൈവരിച്ച് ഐഎസ്ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് ഈ പ്രോജക്ട് ഏറ്റെടുത്തതെന്ന് പ്രസിഡന്റ്‌ കെ വി സുമേഷ് പറഞ്ഞു. ഓഫീസ് സംവിധാനം കാലാനുസൃതവും കാര്യക്ഷമവുമാക്കി സേവനവും  സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ ഭരണനേട്ടങ്ങളിൽ പുതിയൊരു നാഴികക്കല്ലാണിതെന്നും കെ വി സുമേഷ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനവും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങൽ ചടങ്ങും പിന്നീട് നടത്തും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top