26 April Friday
മരുന്നിനുപോലും തികയുന്നില്ല

വേതനവർധനയ്ക്ക് പെട്രോൾ പമ്പ്‌ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
കണ്ണൂർ
പെട്രോൾ പമ്പ്‌ തൊഴിലാളികൾക്ക്‌ അർഹതപ്പെട്ട മിനിമം കൂലി  നിഷേധിച്ച്‌  ഉടമകൾ. സംസ്ഥാന സർക്കാർ രണ്ടുതവണ മിനിമം കൂലി  പുതുക്കി നിശ്‌ചയിച്ചപ്പോൾ അത്‌ തൊഴിലാളികൾക്ക്‌ നിഷേധിക്കുന്ന സമീപനമാണ്‌  പെട്രോൾ പമ്പ്‌ ഉടമകൾ   സ്വീകരിച്ചത്‌. 2011ലും 19 ലുമാണ്‌ സർക്കാർ മിനിമം കൂലി പുതുക്കിയത്‌. രണ്ട്‌ ഘട്ടങ്ങളിലും   തൊഴിലാളികൾക്കുള്ള പുതുക്കിയ വേതനം നിഷേധിക്കാൻ   ഉടമകൾ  ഹൈക്കോടതിയിൽനിന്ന്‌ സ്‌റ്റേ വാങ്ങുകയായിരുന്നു.  പെട്രോൾ പമ്പ്‌ തൊഴിലാളികൾക്ക്‌ ഇപ്പോൾ ലഭിക്കുന്നത്‌ 482 രൂപയാണ്‌. 
    ജില്ലയിൽ  185 പെട്രോൾ പമ്പുകളാണുള്ളത്‌. 1500ലേറെ തൊഴിലാളികൾ പണിയെടുക്കുന്നു.  പമ്പുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കുന്നില്ല.  സ്‌ത്രീ തൊഴിലാളികൾ കൂടുതൽ പണിയെടുക്കുന്ന മേഖലയാണിത്‌. എന്നാൽ മിക്ക പമ്പുകളിലും പ്രാഥമിക കാര്യങ്ങൾ  നിർവഹിക്കുന്നതിനുള്ള  സൗകര്യംപോലുമില്ല. എണ്ണക്കമ്പനികൾ   യൂണിഫോം നൽകുന്നുണ്ടെങ്കിലും  ഇത്‌ അലക്കുന്നതിന്‌  അലവൻസ്‌  അനുവദിക്കാറില്ല.  മാസ്‌ക്കും കൈയുറയും  നൽകണമെന്ന്‌ ആരോഗ്യ വകുപ്പ്‌ നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.
 ഇഎസ്‌ഐ, പിഎഫ്‌  നൽകണമെന്ന എണ്ണക്കമ്പനികളുടെ നിർദേശവും പമ്പ്‌ ഉടമകൾ ലംഘിക്കുന്നു. ക്ഷേമനിധിയും  നടപ്പാക്കിയിട്ടില്ല.  പമ്പ്‌  ഉടമകൾ തൊഴിലാളികളെ ക്ഷേമനിധിയിൽ ചേർത്തിട്ടുണ്ടൊയെന്ന്‌ പരിശോധിക്കുന്നതിൽ  തൊഴിൽ വകുപ്പ്‌ എൻഫോഴ്‌സ്‌മെന്റും താൽപര്യം  കാണിക്കാറില്ല.  
പെട്രോളിയം ഉൽപന്നങ്ങൾക്ക്‌ അടിക്കടി വില വർധിപ്പിക്കുമ്പോഴും തൊഴിലാളികൾക്ക്‌ 2011ൽ പ്രഖ്യാപിച്ച മിനിമം വേതനംപോലും നൽകാൻ ഉടമകൾ തയ്യാറാകുന്നില്ല. 
   2019 നവംബർ 25ന്‌  വേതന വർധന ആവശ്യപ്പെട്ട്‌  ഫ്യൂയൽ എംപ്ലോയീസ്‌ യൂണിയൻ (സി ഐടിയു) ജില്ലാ കമ്മിറ്റി ലേബർ ഓഫീസർക്ക്‌ ഡിമാന്റ്‌ നോട്ടീസ്‌ നൽകിയിരുന്നു. എന്നാൽ ലേബർ ഓഫീസർ വിളിക്കുന്ന യോഗങ്ങളിൽ  പമ്പ്‌ ഉടമകൾ  പങ്കെടുക്കാറില്ല.  2019നുശേഷം ലേബർ ഓഫീസർ വിളിച്ച നാല്‌ യോഗങ്ങൾ ഉടമകൾ ബഹിഷ്‌കരിച്ചു.   
പമ്പ്‌ ഉടമകളുടെ തൊഴിലാളി വിരുദ്ധ  നടപടിക്കെതിരെ  ഫ്യൂയൽ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു)  അനിശ്‌ചിതകാല പണിമുടക്കിന്‌ തയ്യാറെടുക്കുകയാണ്‌. ഇതിന്‌ മുന്നോടിയായി  ഏഴിന്‌   രാവിലെ  പത്തിന്‌ കണ്ണൂർ സി കണ്ണൻ സ്‌മാരക മന്ദിരത്തിൽ പെട്രോൾ പമ്പ്‌ തൊഴിലാളികളുടെ ജില്ലാ കൺവൻഷൻ ചേരും.  കൺവൻഷൻ  പ്രക്ഷോഭ പരിപാടിക്ക്‌ രൂപം നൽകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top