കൂത്തുപറമ്പ്
ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിവസത്തെ മത്സരത്തിൽ പുതുച്ചേരിക്ക് ദയനീയ തോൽവി. രണ്ടാം മത്സരത്തിലാണ് നിലവിലെ ചാമ്പ്യരായ മണിപ്പുർ ഏകപക്ഷീയമായ 12 ഗോളിനു പുതുച്ചേരിയെ തോൽപ്പിച്ചത്. രാവിലെ നടന്ന മത്സരത്തിൽ മേഘാലയയുടെ ഒരു ഗോളിന് മറുപടിയായി രണ്ട്‍ ഗോൾ നേടി ദാമൻ ആൻഡ് ദിയു വിജയിച്ചു. ആദ്യറൗണ്ടിൽ മത്സരിച്ച രണ്ട് കളികളിലും പരാജയപ്പെട്ടതോടെ പുതുച്ചേരിയുടെയും മേഘാലയയുടെയും ക്വാർട്ടർ മോഹം പൊലിഞ്ഞു. നാല് ടീമുകളും വ്യാഴാഴ്ച വീണ്ടും ഏറ്റുമുട്ടും.
രാവിലെ നടന്ന മത്സരത്തിൽ ഇരുടീമുകളും കരുത്തുകാട്ടി. ആദ്യപകുതിയിൽ മേഘാലയക്കുവേണ്ടി ഇബാശിഷ ഹോങ്‌വെറ്റ് 34ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ നിർണായകമായ രണ്ടാംപകുതിയിൽ ദാമൻ ആൻഡ് ദിയു 51ാം മിനിറ്റിൽ നിർമല ധുർവെയിലൂടെയും 79ാം മിനിറ്റിൽ ജീവാന്റിയിലൂടെയും തിരിച്ചടിച്ചു.
മണിപ്പുർ –- പുതുച്ചേരി മത്സരത്തിന്റെ തുടക്കംമുതൽ കാണികൾ പ്രവചനം തുടങ്ങിയിരുന്നു. 20 തവണ ചാമ്പ്യന്മാരും നാല് തവണ റണ്ണേഴ്‌സ് അപ്പുമായ മണിപ്പുർ മാറ്റ് കുറക്കാതെയാണ് ചൊവ്വാഴ്ചയും കളിക്കളം നിറഞ്ഞാടിയത്. ടീം ക്യാപ്റ്റൻ ഈറോം പരമേശ്വരീദേവി ആദ്യപകുതിയിൽ നാലുഗോളും രണ്ടാംപകുതിയിൽ ഒരു ഗോളും നേടി. യാങ്കോയിജം കിരൺബാല ചാനു എട്ടാം മിനിറ്റിട്ടിലും 70ാം മിനിറ്റിലും സലാം റിനറോയ് ദേവി 23ാം മിനിറ്റിലും തിങ്‌ബൈജം ബേബിസന ദേവി 66ാം മിനിറ്റിലും മൊയ് രംഗതേം മന്ദാകിനി ദേവി 48ാം മിനിറ്റിലും കങ്കബാം അനിതാദേവി 82ാം മിനിറ്റിലും വലകുലുക്കി വിറപ്പിച്ചതിനൊപ്പം 49ാം മിനിറ്റിട്ടിൽ സെൽഫ് ഗോളിനും പുതുച്ചേരി വഴങ്ങി.
ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, കെ പി മോഹനൻ എംഎൽഎ, നഗരസഭാ ചെയർമാൻ വി സുജാത, ഷിനു ചൊവ്വ തുടങ്ങിയവർ മത്സരം വീക്ഷിക്കാനെത്തി. ബുധൻ രാവിലെ 9.30ന് സി ഗ്രൂപ്പിലെ ബിഹാറും അസമും പകൽ 2.30ന് രാജസ്ഥാനും ഹിമാചൽപ്രദേശും തമ്മിൽ ഏറ്റുമുട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..