04 December Monday
കോടിയേരി അനുസ്‌മരണം

ചുവന്നുതുടുത്ത്‌ തലശേരി

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

തലശേരി

സിപിഐ എം നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാം ചരമവാർഷിക ദിനമായ ഞായറാഴ്‌ച തലശേരി ടൗണിൽ ബഹുജനറാലിയും വളന്റിയർ മാർച്ചും. പകൽ മൂന്നിന്‌ തലശേരി കോട്ട പരിസരത്തുനിന്ന്‌ വളന്റിയർ മാർച്ച്‌ തുടങ്ങും. തലശേരി, പാനൂർ, പിണറായി ഏരിയ കേന്ദ്രീകരിച്ചുള്ള വളന്റിയർ മാർച്ചിൽ ആയിരങ്ങൾ അണിനിരക്കും. വൈകിട്ട്‌ അഞ്ചിന്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ  ബഹുജനറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
  കോടിയേരി ദിനത്തോടനുബന്ധിച്ച്‌ തലശേരിയും സമീപ ലോക്കലുകളിലെയും പാർടി ഓഫീസുകളും പൊതുസ്ഥലങ്ങളും അലങ്കരിച്ചു. കോടിയേരി സ്‌മരണയിൽ ചുവന്നുതുടുത്തു നിൽക്കുകയാണ്‌ തലശേരി ടൗണും. കോടിയേരിയുടെ ഓർമ പുതുക്കി രാവിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തും.   കോടിയേരി–-സി എച്ച്‌ കണാരൻ ചരമ ദിനത്തോടനുബന്ധിച്ച്‌ 20വരെ നടക്കുന്ന ‘ചിരസ്‌മരണ’ എന്ന പേരിലുള്ള വിവിധ പരിപാടികൾക്കും കോടിയേരി ദിനത്തിൽ തുടക്കമാകും. ഏരിയയിലെ 13 ലോക്കലുകളിലും സെമിനാറും അനുസ്‌മരണ സമ്മേളനവും ചേരും. 
കോടിയേരി ദിനത്തിൽ രാവിലെ 10ന്‌ ആശ്രയ കോടിയേരി ബാലകൃഷ്‌ണൻ സാന്ത്വനകേന്ദ്രത്തിൽ പുഷ്‌പാർച്ചന നടക്കും. അന്തേവാസികൾക്ക്‌ ഭക്ഷണവും നൽകും. ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയിൽ രാവിലെ ഏഴിന്‌ കവിയൂർ രാജഗോപാലൻ കോടിയേരി അനുസ്‌മരണ പ്രഭാഷണം നടത്തും.
ഗതാഗത നിയന്ത്രണം
തലശേരി
തലശേരി ടൗണിൽ ബഹുജനറാലിയും വളന്റിയർമാർച്ചും നടക്കുന്നതിനാൽ ഞായർ പകൽ രണ്ടുമുതൽ രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ്‌ അറിയിച്ചു.  ദീർഘദൂര വാഹനങ്ങൾ ചാലയിൽനിന്ന്‌ കൂത്തുപറമ്പ്-, പൂക്കോട്, പാനൂർവഴി - കുഞ്ഞിപ്പള്ളി ദേശീയപാതയിലേക്ക്‌ കടക്കണം. 
കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി, മോന്താൽ, പാനൂർ,  - പൂക്കോട് വഴി ചാലയിലേക്കും തിരിച്ചുവിടേണ്ടതാണ്. കണ്ണൂർ ഭാഗത്തുനിന്നുവരുന്ന ബസ്സുകളും മറ്റ് ചെറിയ വാഹനങ്ങളും വീനസ് കവല, കുയ്യാലി, സംഗമം കവല, എൻസിസി റോഡ് വഴി പുതിയ ബസ്‌ സ്റ്റാൻഡിലെത്തണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top