12 July Saturday
മഴയിൽ ഞാറുനട്ടു

പാടശേഖരം പാഠശാലയായി

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വത്തിൽ കയരളം കീഴാലം വയലിൽ വിദ്യാർഥികളുടെ കൃഷി പാഠശാലയിൽ നാടൻപാട്ടിനൊപ്പം നൃത്തംവയ്ക്കുന്ന കുട്ടികൾ ഫോട്ടോ: പി ദിലീപ്കുമാർ

കണ്ണൂർ
മഴയിൽ ഞാറുനട്ടും  നാടൻപാട്ടിന്റെ താളത്തിനൊത്ത്‌   നൃത്തംവച്ചും കൃഷിയെ അവർ ആഘോഷമാക്കി. ക്ലാസ്‌ മുറികളിൽ പഠിച്ച പാടത്തെയും  നെൽകൃഷിയെയും അവർ അനുഭവിച്ചറിഞ്ഞു. ആദ്യമായി  വയലിലിറങ്ങിയ ആവേശമായിരുന്നു എങ്ങും.   കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി  സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വത്തിൽ 78 വിദ്യാർഥികളാണ്‌ കയരളം  കീഴാലംവയലിനെ  കൃഷിപാഠശാലയാക്കിയത്‌. നിലമൊരുക്കൽ, ഞാറുനടൽ, നാട്ടിപ്പാട്ട്, കൃഷിയോർമകൾ, വയൽനടത്തം തുടങ്ങിയവയായിരുന്നു പാഠഭാഗങ്ങൾ.  അഞ്ചാംക്ലാസിലെ ‘കൃഷി മാഷ്‌’, ആറാം ക്ലാസിലെ 
 ‘പുഞ്ച കൊയ്‌തേ കളം നിറഞ്ഞേ’, ഹൈസ്‌കൂളിലെ  വൈലോപ്പിള്ളി കവിതകൾ എന്നിവയിലൂടെയുള്ള കൃഷിയറിവിന്റെ  പ്രായോഗിക പാഠമായിരുന്നു നടീൽ ഉത്സവം. നാടൻപാട്ട് കലാകാരൻ റംഷി പട്ടുവത്തിന്റെ നേതൃത്വത്തിൽ മയ്യിൽ ‘അഥീന’ നാടക നാട്ടറിവ് വീട് അവതരിപ്പിച്ച നാട്ടുമൊഴി വായ്മൊഴി വരമൊഴിപ്പാട്ടുകളും ഹരം പകർന്നു.  മയ്യിൽ  റൈസ് പ്രൊഡ്യൂർ കമ്പനി എംഡി  ടി കെ ബാലകൃഷ്ണൻ  നെൽകൃഷി ക്ലാസെടുത്തു. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ കൃഷിപാഠശാല ഉദ്ഘാടനംചെയ്തു. രവി മാണിക്കോത്ത് അധ്യക്ഷനായി.  കൃഷി ഓഫീസർ പ്രമോദ്‌, ഹരീഷ് നമ്പ്യാർ, യു രവീന്ദ്രൻ,   എ സജിത്ത്‌  എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top