26 April Friday

വേണം ഫൈൻ ആർട്‌സ്‌ കോളേജ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
തലശേരി
രാജ്യാന്തര പ്രശസ്‌തരായ ചിത്രകലാ പ്രതിഭകളെ സൃഷ്ടിച്ച ഉത്തരകേരളത്തിൽ ഉന്നത കലാപഠനത്തിന്‌ അവസരമില്ലാതെ വിദ്യാർഥികൾ. മലബാറിൽ ഫൈൻ ആർട്‌സ്‌ കോളേജുകളില്ലാത്തതിനാൽ ബിഎഫ്‌എ, എംഎഫ്‌എ തുടങ്ങിയ കോഴ്‌സുകളിൽ ചേരാനാഗ്രഹിക്കുന്നവർക്ക്‌ തൃശൂർ, തൃപ്പുണിത്തുറ, മാവേലിക്കര, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ കോളേജുകളാണ്‌ ആശ്രയം. അതേസമയം  അപേക്ഷിക്കുന്നവരെ മുഴുവൻ ഉൾക്കൊള്ളാൻ ഈ കോളേജുകൾക്കും സാധിക്കാത്തതിനാൽ വിദ്യാർഥികൾ വീണ്ടും ശാന്തിനികേതനിലും ബറോഡ, ബംഗളൂരു, ചെന്നൈ, ഡൽഹി ഫൈൻ ആർട്‌സ്‌ കോളേജുകളിലും പ്രവേശനം തേടുകയാണ്‌. 
വടക്കൻ കേരളത്തിൽ ഫൈൻ ആർട്‌സ്‌ കോളേജെന്നത്‌  ദീർഘകാലമായുള്ള ആവശ്യമാണ്‌. സംസ്ഥാനത്തെ ഫൈൻ ആർട്‌സ്‌ കോളേജുകളിലെ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും മലബാറിൽനിന്നുള്ളവരാണെന്നതും ഈ ആവശ്യത്തിന്‌ ശക്തിപകരുന്നു. ബിഎഫ്‌എ കോഴ്‌സ്‌ തുടങ്ങാൻ ലളിതകലാ അക്കാദമി നേരത്തെ കണ്ണൂർ സർവകലാശാലയോട്‌ അഭ്യർഥിച്ചിരുന്നു.  അക്കാദമിയുടെ ശ്രീകണ്‌ഠപുരത്തെ കെ ജി സുബ്രഹ്മണ്യം കലാഗ്രാമം താൽകാലികമായി വിട്ടുനൽകാനും ഭരണസമിതി തീരുമാനിച്ചതായി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പറഞ്ഞു. സർവകലാശാല അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. കേരള സ്‌കൂൾ ഓഫ്‌ ആർട്‌സിൽ ബിഎഫ്‌എ കോഴ്‌സ്‌ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌. വിദ്യാർഥികളുമായുള്ള മുഖാമുഖത്തിൽ ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്താണ്‌ നിർദേശം അവതരിപ്പിച്ചത്‌. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാറിൽ 1933ൽ സി വി ബാലൻ നായർ ആരംഭിച്ചതാണ്‌ കേരള സ്‌കൂൾ ഓഫ്‌ ആർട്‌സ്‌. 89 വർഷത്തിനിടെ ആയിരക്കണക്കിന്‌ പ്രതിഭകൾ പഠിച്ചിറങ്ങിയ കലാസ്ഥാപനമാണിത്‌.  മഞ്ഞോടിയിൽ നഗരസഭ അനുവദിച്ച 27 സെന്റ്‌ സ്ഥലത്താണിപ്പോൾ സ്‌കൂളിന്റെ  പ്രവർത്തനം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കെജിടിഇ ഡിപ്ലോമ കോഴ്‌സാണ്‌ ഇവിടെയുള്ളത്‌. 
ബിഎഫ്‌എ കോഴ്‌സിന്‌ അംഗീകാരം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് ഒരു ഏക്കർ സ്ഥലവും വിപുലമായ സൗകര്യങ്ങളും ആവശ്യമാണ്‌. സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ സ്‌കൂൾ ഓഫ്‌ ആർട്‌സ്‌ ഭരണസമിതിയെന്ന്‌ സെക്രട്ടറി പ്രദീപ്‌ ചൊക്ലിയും സെൽവൻ മേലൂരും പറഞ്ഞു. ജഗന്നാഥക്ഷേത്ര ഭരണസമിതിയായ ശ്രീജ്ഞാനോദയ യോഗവും ഫൈൻ ആർട്‌സ്‌ കോഴ്‌സ്‌ തുടങ്ങുന്നതിന്‌ അപേക്ഷ നൽകിയിട്ടുണ്ട്‌. കൂത്തുപറമ്പ്‌ കെ ജി സുബ്രഹ്മണ്യം കലാകേന്ദ്രത്തോടനുബന്ധിച്ചും ഫൈൻ ആർട്‌സ്‌ കോളേജിന്‌ സാധ്യതയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top