28 March Thursday

നാടൊരുങ്ങി; പ്രവേശനോത്സവത്തിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
കണ്ണൂർ
നാടാകെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ആഹ്ലാദത്തിൽ. അധ്യാപകരും  രക്ഷിതാക്കളും  ജനപ്രതിനിധികളും  വിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്‌.    സർക്കാർ–- എയ്‌ഡഡ്‌ വ്യത്യാസമില്ലാതെ മുഴുവൻ വിദ്യാലയങ്ങളും  പുതുതായി സ്‌കൂളിലെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ വൈവിധ്യമാർന്ന  സംവിധാനങ്ങളാണ്‌ ഏർപ്പെടുത്തിയത്‌. കണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ചകളും  കൗതുകങ്ങളുമാണ്‌ വിദ്യാലയങ്ങളെ ആകർഷകമാക്കുന്നത്‌. മിക്ക വിദ്യാലയങ്ങളും   കുരുന്നുകൾക്ക്‌ പുതുലോകം തുറക്കുകയാണ്‌. ശിൽപ്പോദ്യാനവും കൃത്രിമ ഗുഹകളും  തൂക്കുപാലവും  ട്രെയിനുകളും ഉല്ലാസ സാമഗ്രികളും  ജൈവ ഉദ്യാനവും ജൈവ പന്തലും ജൈവ വേലിയും ജൈവ മതിലും  പുതുക്കക്കാരെ മാടിവിളിക്കുകയാണ്‌. ഹരിത ചട്ടങ്ങൾ  പാലിച്ചാണ്‌ ഒരുക്കങ്ങൾ.   
   യൂണിഫോമും  പുസ്‌തകവും നേരത്തെ ലഭിച്ചത്‌  ആഹ്ലാദം ഇരട്ടിപ്പിക്കുന്നു.  കോവിഡ്‌ ഭീഷണി അകന്നതിനാൽ മാസ്‌ക്കിടാതെ,  നിറ ചിരിയുമായെത്തുന്ന കുരുന്നുകൾ സ്‌കൂളുകൾക്ക്‌ പുത്തൻ വെളിച്ചമാകും. അക്ഷരമുറ്റങ്ങളിൽ അവർ എല്ലാമറന്ന്‌ പാറിപ്പറക്കും. 
  മുഴുവൻ സ്‌കൂളുകളിലും ശുദ്ധജല വിതരണത്തിന്‌ സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്‌. ഇതിനായി  ജില്ലാ പഞ്ചായത്ത്‌ വാട്ടർ പ്യൂരിഫയർ നൽകുമെന്ന്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു. സമ്പൂർണ ശുചിത്വം  ഉറപ്പുവരുത്തുന്നതിന്‌  സർക്കാർ വിദ്യാലയങ്ങൾക്ക്‌  പുറമെ  കൂടുതൽ വിദ്യാർഥികളുള്ള എയ്‌ഡഡ്‌  സ്‌കൂളുകളിൽ ടോയ്‌ലറ്റ്‌ സമുച്ചയം ഒരുക്കും.  പ്രായപൂർത്തിയായ പെൺകുട്ടികൾക്കായി സ്‌കൂളിൽ  മെന്ററെ നിയമിക്കും.  വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ ബാൻഡ്‌ ട്രൂപ്പുണ്ടാക്കും.  സ്‌റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റ്‌ ലീഡർ ഷിപ്പ്‌ ക്യാമ്പ്‌ ഈ വർഷം തുടങ്ങും.  സ്‌കൂളുകളെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി  രക്ഷാകർതൃ  ശാക്തീകരണമുണ്ടാക്കും. കുട്ടികളുടെ അമിത മൊബൈൽ ഉപയോഗം  നിയന്ത്രിക്കാൻ നടപടിയുണ്ടാകും . സ്‌കൂളുകളിലെ വാട്‌സാപ്പ്‌  ഗ്രൂപ്പുകളിൽ രക്ഷിതാക്കളെ അംഗമാക്കും.   
സ്‌കൂൾ തുറക്കുന്നതിനൊപ്പം മുഴുവൻ പാഠപുസ്‌തകങ്ങളും വിദ്യാർഥികളുടെ കൈയിലെത്തുമെന്ന്‌ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ  ശശീന്ദ്ര വ്യാസ്‌ അറിയിച്ചു. യൂണിഫോമിനുള്ള തുണി കഴിഞ്ഞ മാസം സ്‌കൂളിലെത്തിച്ചിരുന്നു. ഗ്രീൻ ക്യാമ്പസ്‌, ക്ലീൻ ക്യാമ്പസ്‌ പൂർണമായി നടപ്പാക്കും.  വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുന്നതിന്‌ ജനകീയ കമ്മിറ്റി രൂപീകരിക്കും.  സ്‌കൂളുകളുടെയും  വാഹനങ്ങളുടെയും ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്ന നടപടി പുരോഗമിക്കുകയാണ്‌.  തദ്ദേശ സ്ഥാപനങ്ങളാണ്‌  സ്‌കൂൾ കെട്ടിടങ്ങൾക്ക്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌.  സ്കൂൾ  വാഹനങ്ങളുടെ പരിശോധന നടക്കുകയാണ്‌. കാലവർഷമെത്താത്തതിനാൽ  മഴ നനഞ്ഞുള്ള  സ്‌കൂൾ പ്രവേശനം ഇക്കുറിയുണ്ടാവില്ല.  

ജില്ലാതല  
പ്രവേശനോത്സവം ആറളത്ത്‌

കണ്ണൂർ
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം  വ്യാഴാഴ്‌ച  രാവിലെ  പത്തിന്‌  ആറളം  ഫാം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.  ഡോ. വി ശിവദാസൻ എംപി ഉദ്‌ഘാടനംചെയ്യും. ഹിതൈഷിണി ബിനീഷ്‌ മുഖ്യാതിഥിയാവും. സണ്ണി ജോസഫ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ എന്നിവർ പങ്കെടുക്കും. സ്‌കൂൾ, പഞ്ചായത്ത്‌, ബ്ലോക്ക്‌തലങ്ങളിലും ഉദ്‌ഘാടനമുണ്ടാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top