29 March Friday

കൈയടിക്കാം ഈ നന്മക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

തലശേരി ജനറൽ ആശുപത്രിക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് മരുന്ന്‌ ബൈറൂഹ ഫൗണ്ടേഷൻ പ്രസിഡന്റ്‌ എ കെ സുനിൽ, സ്‌പീക്കർ എ എൻ ഷംസീറിന്‌ കൈമാറുന്നു

 തലശേരി

ജനറൽ ആശുപത്രിയിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പിനുള്ള മരുന്ന്‌ (എആർഎസ്‌) എത്തിച്ച്‌ സന്നദ്ധ സംഘടനകളുടെ കൈത്താങ്ങ്‌. തെരുവ്‌ നായ കടിച്ചവർ പ്രതിരോധ കുത്തിവയ്‌പ്പിനായി ബുദ്ധിമുട്ടുന്നതറിഞ്ഞ്‌ ബൈറൂഹ ഫൗണ്ടേഷനും തലശേരി വെൽഫെയർ അസോസിയേഷനുമാണ്‌ (കുവൈത്ത്‌) സഹായഹസ്‌തം നീട്ടിയത്‌. ബൈറൂഹ ആയിരം വയലും  വെൽഫെയർ അസോസിയേഷൻ 400 വയലും എആർഎസും സംഭാവന ചെയ്‌തു. പ്രതിരോധ കുത്തിവയ്‌പ്പിനുള്ള മരുന്ന്‌ എത്തിയത്‌ ജനറൽ ആശുപത്രിയെ ആശ്രയിക്കുന്നവർക്ക്‌  ആശ്വാസമാകും.
 സ്‌പീക്കർ എ എൻ ഷംസീർ മരുന്ന്‌ ഏറ്റുവാങ്ങി. ആന്റിറാബിസ്‌ വാക്‌സിനില്ലെന്നറിഞ്ഞ്‌ മരുന്ന്‌ എത്തിക്കാൻ സ്വയം സന്നദ്ധരായി മുന്നോട്ടുവന്ന ബൈറൂഹ ഫൗണ്ടേഷനെയും തലശേരി വെൽഫെയർ അസോസിയേഷനെയും അഭിനന്ദിക്കുന്നതായി സ്‌പീക്കർ പറഞ്ഞു. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം കോർപറേറ്റ്‌ ആശുപത്രികളോട്‌ കിടപിടിക്കുംവിധം നവീകരിച്ചത്‌ ബൈറൂഹ ഫൗണ്ടേഷനാണ്‌. ഏതാവശ്യത്തിന്‌ സമീപിച്ചാലും ‘നോ’ എന്ന്‌ വാക്ക്‌ ഇവരിൽനിന്നുണ്ടാവാറില്ലെന്നും സ്‌പീക്കർ പറഞ്ഞു. 
 ആശുപത്രി സൂപ്രണ്ട്‌ ഡോ. വി കെ രാജീവൻ അധ്യക്ഷനായി. ആർഎംഒ ഡോ. വി എസ്‌ ജിതിൻ, ബൈറൂഹ ഫൗണ്ടേഷൻ പ്രതിനിധി എ കെ സുനിൽ, വെൽഫെയർ അസോസിയേഷൻ പ്രതിനിധി മുഹമ്മദ്‌ യാസിൻ നഴ്‌സിങ്ങ്‌ സൂപ്രണ്ട്‌ ലളിതാംബിക എന്നിവർ സംസാരിച്ചു. ദിവസവും അമ്പതിലേറെ പേർ നായ, പൂച്ച, കീരി എന്നിവയുടെ കടിയേറ്റ്‌ എത്തുന്നുണ്ടെങ്കിലും പ്രതിരോധ മരുന്നില്ലാത്തതിനാൽ കോഴിക്കോട്‌, കണ്ണൂർ മെഡിക്കൽ കോളേജുകളെയാണ്‌ ആശ്രയിക്കുന്നത്‌. കൂടുതൽ സംഘടനകൾ പ്രതിരോധ മരുന്ന്‌ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top