20 April Saturday
സിആര്‍സെഡ്

പബ്ലിക് ഹിയറിങ് നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കണ്ണൂർ

2019 ലെ തീരദേശ വിജ്ഞാപനത്തിന് അനുസൃതമായ തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാക്കിയ കരട് പ്ലാനിലുള്ള പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിന്‌ ജില്ലാതല പബ്ലിക് ഹിയറിങ് വെള്ളി രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.  ഹിയറിങ്ങിന്‌ മുന്നോടിയായി കരട് മാപ്പ് അവലോകനം ചെയ്യുന്നതിന്‌  ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്നു.
ഏപ്രിൽ 26നാണ്  ജില്ലയുടെ കരട് മാപ്പ് പ്രസിദ്ധപ്പെടുത്തിയത്. നിലവിൽ കണ്ണൂർ കോർപറേഷൻ, അഞ്ച് നഗരസഭകൾ, 38 പഞ്ചായത്തുകൾ എന്നിവക്കാണ് തീരദേശ പരിപാലന നിയമം ബാധകമാകുന്നത്. മാപ്പ് പ്രകാരം ജില്ലയിലെ 33 പഞ്ചായത്തുകളാണ് സി ആർസെഡ് കാറ്റഗറി രണ്ടിൽപ്പെടുന്നത്. നഗരസഭകളാണ് ഈ വിഭാഗത്തിൽ കൂടുതലായും വരുന്നത്. ജനസാന്ദ്രത കൂടിയ പഞ്ചായത്തുകളെയും ഇതിൽ ഉൾപ്പെടുത്താം. ഈ വിഭാഗത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഇളവുകൾ ലഭിക്കും. സംസ്ഥാന സർക്കാർ 33 പഞ്ചായത്തുകൾക്കും അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും 11 പഞ്ചായത്തുകൾക്ക് മാത്രമാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ഈ പ്രദേശങ്ങൾക്ക് മാത്രമാണ് കേന്ദ്ര നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഹിയറിങ്ങിൽ അവതരിപ്പിക്കാം. 
2019 ലെ തീരദേശ പരിപാലന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കിട്ടാവുന്ന പല ഇളവുകളും നിലവിൽ പ്രസിദ്ധീകരിച്ച കരട് മാപ്പിൽ ഉൾപ്പെട്ടിട്ടില്ല. നിലവിലുള്ള പല വികസിത പ്രദേശങ്ങളും മുമ്പ്‌ കൈപ്പാട് കൃഷി നടത്തിയിരുന്ന സ്ഥലങ്ങളും അടക്കം കണ്ടൽക്കാടുകളായാണ് മാപ്പിൽ രേഖപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ ഭാവിയിൽ കെട്ടിട നിർമാണം അസാധ്യമായി വരും. ഈ പ്രദേശങ്ങളുടെ നികുതി രശീത് സഹിതം ഉടമസ്ഥർക്ക് ഹിയറിങ്ങിൽ പരാതി നൽകാം. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട പരമാവധി ഇളവുകൾ ലഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും പബ്ലിക് ഹിയറിങ് പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിആർസെഡ് വിദഗ്ധൻ ഡോ. ദിനേശൻ ചെറുവാട്ട്‌, എൻവയോൺമെന്റൽ കൺസൾട്ടന്റ് പി തോമസ് തുടങ്ങിയവർ വിശദീകരണം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top