24 April Wednesday

ഹൃദയപൂർവം 
12 ലക്ഷം പൊതിച്ചോർ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

കണ്ണൂർ

കഴിഞ്ഞ അഞ്ചുവർഷക്കാലം കണ്ണൂർ ജില്ലാ ആശുപത്രി കവാടത്തിൽ കാത്തുനിൽക്കുകയായിരുന്നു യുവത. രോഗാതുരമായ ഒരുകാലം കടന്നുകിട്ടാൻ പാടുപെടുന്ന അനേകായിരംപേരുടെ വിശപ്പകറ്റാൻ.  നാട്‌ പ്രളയത്തിൽ മുങ്ങിയപ്പോഴും മഹാമാരിയുടെ ഭീഷണിയിൽ അടച്ചിട്ടപ്പോഴും യുവതയുടെ  നിൽപ്പ്‌ മുടങ്ങിയില്ല. 
 മനസെരിയുമ്പോഴും മനുഷ്യന്റെ വയറെരിയാതിരിക്കാൻ  നാടിന്റെ സ്‌നേഹം കൂടെയുണ്ടെന്ന ഓർമപ്പെടുത്തലാവുകയായിരുന്നു ഡിവൈഎഫ്‌ഐ ഹൃദയപൂർവം പൊതിച്ചോർ വിതരണപദ്ധതി. ശനിയാഴ്‌ച ആറുവർഷത്തിലേക്ക്‌ കടക്കുന്ന പദ്ധതിയിൽ 12 ലക്ഷം പൊതിച്ചോറാണ്‌ വിതരണം ചെയ്‌തത്‌. 
2018 ഏപ്രിൽ ഒന്നിനാണ്‌  എ എൻ ഷംസീർ എംഎൽഎ ഹൃദയപൂർവം പദ്ധതി ഉദ്‌ഘാടനംചെയ്‌തത്‌. കണ്ണൂർ ജില്ലാ ആശുപത്രിക്ക്‌ പുറമേ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌, തലശേരി ജനറൽ ആശുപത്രി, പേരാവൂർ താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ്‌ പൊതിച്ചോർ വിതരണംചെയ്യുന്നത്‌. 
ആശുപത്രിയിൽകഴിയുന്ന  രോഗിക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ്‌ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ. പ്രതിദിനം 500നും 600നുമിടയിൽ പൊതിച്ചോറുകളാണ്‌ വിതരണംചെയ്യുന്നത്‌. ഭക്ഷണം കിട്ടാൻ വഴിയില്ലാത്ത ലോക്‌ഡൗൺ കാലത്തും പൊതിച്ചോറിന്റെ  മൂല്യമെന്താണെന്ന്‌ നാട്‌ തിരിച്ചറിഞ്ഞു. 
മേഖലാ കമ്മിറ്റികൾക്കാണ്‌  ഒരുദിവസത്തെ വിതരണ ചുമതല. യൂണിറ്റ്‌ അടിസ്ഥാനത്തിൽ ഓരോ വീട്ടിൽനിന്നും രണ്ടുമുതൽ അഞ്ചുവരെ ഊൺ ശേഖരിക്കും. സ്വന്തം കുടുംബത്തിനായി തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഒരുപങ്ക്‌  വേദനിക്കുന്നവർക്കും നൽകാനുള്ള വീട്ടമ്മാരുടെ വലിയ മനസുമാണ്‌ പദ്ധതിയെ വിജയത്തിലെത്തിച്ചത്‌ജില്ലാആശുപത്രി. 
ആറാംവർഷത്തിലേക്ക്‌ കടക്കുന്ന ശനിയാഴ്‌ച പൊതിച്ചോർ വിതരണം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി  ഉദ്‌ഘാടനംചെയ്യും. ജില്ലാ ആശുപത്രി പരിസരത്ത്‌  പകൽ ഒന്നിനാണ്‌ പരിപാടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top