26 April Friday
റെയിൽവേ ഭൂമി വിൽപ്പന

താക്കീതായി എൽഡിഎഫ്‌ റെയിൽവേ സ്‌റ്റേഷൻ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ
കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ ഭൂമി 45 വർഷം പാട്ടത്തിന്‌ നൽകിയ   റെയിൽവേ ലാൻഡ്‌ ഡെവലപ്മെന്റ്‌  അതോറിറ്റിയുടെ നടപടി തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ സംഘടിപ്പിച്ച മാർച്ചിൽ  പ്രതിഷേധമിരമ്പി. കണ്ണൂരിന്റെയും റെയിൽവേയുടെയും വികസനത്തിനുള്ള ഭൂമി സ്വകാര്യ കമ്പനിക്ക്‌ അടിയറവയ്‌ക്കാൻ അനുവദിക്കില്ലെന്ന്‌ മാർച്ചിൽ അണിനിരന്നവർ പ്രഖ്യാപിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഏഴ് ഏക്കർ ഭൂമിയാണ്‌ സ്വകാര്യ കമ്പനിക്ക് ദീർഘകാല പാട്ടത്തിന് നൽകിയത്. മൊത്തം 48 ഏക്കർ ഭൂമി പാട്ടത്തിന് വച്ചിട്ടുണ്ട്. ആദ്യഘട്ടമായാണ് ഏഴ് ഏക്കർ കൈമാറിയത്. 
 കണ്ണൂർ സ്‌റ്റേഡിയം കോർണർ കേന്ദ്രീകരിച്ച്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടന്ന മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാർ അധ്യക്ഷനായി.  എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്‌, മുൻ എംഎൽഎ എം പ്രകാശൻ,   കെ സുരേശൻ (എൻസിപി), ബാബുരാജ് ഉളിക്കൽ (ജെഡി (എസ്)), കെപി പ്രശാന്ത്(എൽജെഡി), ജോസ് ചെമ്പേരി (കേരള കോൺഗ്രസ് ബി), താജുദ്ധീൻ മട്ടന്നൂർ (ഐഎൻഎൽ), കെ മോഹനൻ (ആർഎസ്‌പി), ജോജി ആനിത്തോട്ടം (ജനാധിപത്യ കേരള കോൺഗ്രസ്), ഹംസ പുല്യാട്ട് (കേരള കോൺഗ്രസ് സ്‌കറിയ), കെ കെ ജയപ്രകാശ് (കോൺഗ്രസ്‌ (എസ്)) എന്നിവർ സംസാരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ സ്വാഗതം പറഞ്ഞു.

റെയിൽവേ സ്‌റ്റേഷൻ ഭൂമി മുമ്പ്‌ വിറ്റത്‌ തെറ്റെന്ന്‌ സുധാകരൻ സമ്മതിക്കുമോ: എം വി ജയരാജൻ

കണ്ണൂർ
കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ ഭൂമി വിൽക്കുന്നതിന്‌ തുടക്കം കുറിച്ച  കോൺഗ്രസ്‌ നടപടി തെറ്റാണെന്ന്‌ സമ്മതിക്കാൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപി തയ്യാറാകണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിക്ക്‌ അടിയറവച്ചതിനെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റെയിൽവേ ഉൾപ്പെടെ പൊതുമുതൽ സ്വകാര്യവൽക്കരിക്കുന്നതിന്‌ തുടക്കമിട്ടത്‌ കോൺഗ്രസാണ്‌. കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ 
ഭൂമി സ്വകാര്യ കമ്പനിക്ക്‌ ദീർഘകാല പാട്ടം കൊടുത്തതിനെതിരെ പ്രക്ഷോഭം നടത്തുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ്‌ തങ്ങളുടെ പൊതുമേഖലാ വിറ്റഴിക്കൽ നയം തെറ്റാണെന്ന്‌ തുറന്ന്‌ സമ്മതിക്കണം. ഇതിന്‌ കെപിസിസി അധ്യക്ഷൻ മുൻകൈയെടുക്കണം.   
 കേന്ദ്ര –-സംസ്ഥാന സംരംഭമായ കെ റെയിൽ സർവേ കുറ്റികൾ പിഴുതുമാറ്റുന്നതിന്‌ നേതൃത്വം നൽകിയ സുധാകരൻ സ്വകാര്യ കമ്പനി കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർമാണ പ്രവർത്തനം നടത്തുമ്പോൾ തടയുമോയെന്ന്‌ വ്യക്തമാക്കണം. കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ വികസനത്തിന്‌ ഒന്നും ചെയ്യാത്ത എംപിയാണ്‌ സുധാകരൻ. 2014–-19 കാലത്ത്‌ കണ്ണൂർ എംപിയായിരുന്ന പി കെ ശ്രീമതി നടത്തിയ വികസന പ്രവർത്തനങ്ങൾക്ക്‌ തുടർച്ചയുണ്ടായില്ല.  നാല്‌, അഞ്ച്‌ പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്നതിനുള്ള ടെൻഡർ നടപടിയായതാണ്‌. തുടർച്ചയുണ്ടായിരുന്നെങ്കിൽ ഈ ഭൂമി സ്വകാര്യ കമ്പനിക്ക്‌ ദീർഘകാല പാട്ടത്തിന്‌ നൽകാനാകുമായിരുന്നില്ല. ഇതിന്‌ കാരണക്കാരൻ എംപിയെന്ന നിലയിൽ കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ വികസനത്തിന്‌ ഒന്നും ചെയ്യാത്ത സുധാകരനാണ്‌. 
കണ്ണൂരിന്റെയും റെയിൽവേയുടെയും വികസനത്തിന്‌ അത്യാവശ്യമായ ഭൂമി പാട്ടത്തിന്‌ കൊടുത്തത്‌ എൽഡിഎഫ്‌ പാർലമെന്റിൽ ഉന്നയിക്കും. എൽഡിഎഫ്‌ എംപിമാർ ഉൾപ്പെടുന്ന നിവേദക സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട്‌  ഭൂമി പാട്ടത്തിന്‌  കൊടുത്ത നടപടി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെടുമെന്നും എം വി ജയരാജൻ വ്യക്തമാക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top