29 March Friday
ജില്ലയുടെ 
ചരിത്രം ഓർമിപ്പിച്ച്

ഇടങ്ങളെ അറിഞ്ഞ്

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

ജില്ലാ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനംചെയ്യുന്നു

 ചെറുതോണി

കാലം ഒഴുകിപ്പോയ വഴികളിൽ അന്വേഷണ വെളിച്ചം കടന്നുചെല്ലാത്ത തുരുത്തുകളും പ്രദേശങ്ങളും ഒട്ടേറെയുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിലും തിരമായ്ക്കലിലും വീണ്ടെടുക്കാനാവാത്തവിധം ജനതയുടെ കഠിനമായ ജീവിതപരമ്പരകളും അവരുടെ നൊമ്പരങ്ങളും യാതനാപർവങ്ങളും അജ്ഞാതം. അത് കണ്ടെത്തുമ്പോൾ ചരിത്രം തുറക്കുകയായി. ഇടുക്കി മഹോത്സവം നാലാം നാൾ ചിന്തിച്ചത് ജില്ലയുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച്. ഇതുൾപ്പെടെ അഞ്ച് സെമിനാറുകൾ മഹോത്സവത്തെ ധന്യമാക്കി. 
മഹാശിലായുഗ സംസ്കൃതി മുതൽ ആധുനിക കുടിയേറ്റം വരെ നൂറ്റാണ്ടുകൾ പിന്നിടുന്ന ചരിത്രമാണ് ഇടുക്കിക്കുള്ളത്. ഗോത്ര സംസ്കാരവും തമിഴ്ജീവിതവും ബ്രിട്ടീഷ് അധിനിവേശവും ദ്രാവിഡ തോട്ടം സംസ്കൃതിയും കർഷക കുടിയേറ്റവും ഇഴ ചേരുമ്പോൾ വൈവിധ്യ ജീവിത സംസ്കാരത്തിന്റെ രംഗഭൂമിയായി ഇടുക്കി മാറുന്നു. 
   കാമാക്ഷി മുതൽ ബാലൻപിള്ള വരെയുള്ള സ്ഥലനാമങ്ങളും ചർച്ചയ്ക്കെത്തി. തോടുകൾ, ആറുകൾ, ബ്രിട്ടീഷ്, തമിഴ് ദ്രാവിഡ പേരുകൾ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങി ജില്ലയിലെ സ്ഥലപ്പേരുകൾ എന്നും കൗതുകമുണർത്തുന്നവയാണ്. കുടിയേറ്റവും കൂട്ടായ്മയും അധ്വാനവും ഇഴചേരുന്ന സാമൂഹിക സാംസ്കാരിക  ചരിത്രമാണ് ജിലയ്ക്ക്. അതിൽ ചുവടൂന്നി വൈവിധ്യമാർന്ന കലാരൂപങ്ങളും വികസിതമായി. 
   ജില്ലയിലെ സാഹിത്യരംഗം എഴുത്ത്, പാരമ്പര്യം, നാടകം, അനുഷ്ഠാന കല, സിനിമാ, കലാ സമിതികൾ, ഗ്രന്ഥശാല, സാക്ഷരത, വിദ്യാഭ്യാസ മുന്നേറ്റം, അധ്യാപക - സർവീസ് സംഘടനകൾ, വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളുടെ ചരിത്രം എന്നിവയും സെമിനാറുകൾക്ക് വിഷയമായി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷനായി. ജില്ലയുടെ ചരിത്രവും സംസ്കാരവും – കെ ടി രാജീവ്, സ്ഥലനാമങ്ങളുടെ ചരിത്രം– ഡോ. എ എം ഫെെസൽ, ജില്ലയുടെ സാഹിത്യരംഗം എഴുത്ത്, പാരമ്പര്യം, നാടകം, അനുഷ്ഠാനകല – കാഞ്ചിയാർ രാജൻ, ജില്ലയിലെ സിനിമ, കലാസമിതി, ഗ്രന്ഥശാല, സാക്ഷരത – കെ ആർ രാമചന്ദ്രൻ, ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റം– വി വി ഷാജി, അധ്യാപക സർവീസ് സംഘടനകൾ–വി വി ഫിലിപ്പ്, വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ചരിത്രം– ടോണി കുര്യാക്കോസ്, യുവജന പ്രസ്ഥാനങ്ങളുടെ ചരിത്രം – എസ് സുധീഷ് എന്നിവർ വിഷയം അവതരിപ്പിച്ചു. ബി അനൂപ് സ്വാഗതം പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top