29 March Friday

സുവർണവെളിച്ചമായി ഉപ്പുതോട് സ്കൂൾ

സജി തടത്തിൽUpdated: Friday Mar 31, 2023

ഉപ്പുതോട് സ്കൂൾ

 
 
ചെറുതോണി
തലമുറകൾക്ക്‌ അക്ഷരവെളിച്ചം പകർന്ന ഉപ്പുതോട് ഗവ. യുപി  സ്കൂൾഅരനൂറ്റാണ്ടിലേക്ക്. വൈദ്യുതിയോ വാഹനമോ റോഡോ ഇല്ലാതിരുന്ന കുടിയേറ്റകാലത്ത് കർഷകരുടെ ആവശ്യം പരിഗണിച്ച കുട്ടികൾക്ക് പഠിക്കുന്നതിന്‌ സർക്കാർ അനുവദിച്ചതാണ്‌ വിദ്യാലയം. 1973 ഒക്ടോബർ എട്ടിനാരംഭിച്ച ഈ വിദ്യാലയം ആധുനിക രീതിയിലാക്കി മാറ്റിയതിന് പിന്നിൽ രണ്ട്‌ തലമുറയുടെ കഷ്ടപ്പാടിന്റെ കഥകളാണുള്ളത്. അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദുകോയ അനുവദിച്ചതാണ്‌ സ്കൂൾ. 100 അടി നീളമുള്ള പുല്ലുമേഞ്ഞ കെട്ടിടത്തിൽ ഏകാംഗ വിദ്യാലയമായിട്ടായിരുന്നു തുടക്കം. മൂലമറ്റം സ്വദേശി കരുണാകരൻ നായരായിരുന്നു ആദ്യത്തെ അധ്യാപകൻ. ചൂരക്കാട്ടിൽ എൻ എം മാണി, വേഴമ്പശേരിയിൽ പാപ്പച്ചൻ, കുഞ്ഞ് എന്നിവർ ചേർന്ന് സംഭാവന നൽകിയ ഒരേക്കർ സ്ഥലത്തായിരുന്നു തുടക്കം. പൂർവ വിദ്യാർഥികളിൽ സന്യസ്തർ, കർഷകർ, സർക്കാർ  ജീവനക്കാർ,വിദേശ ജോലിക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ്.  ഇപ്പോൾ സ്മാർട്ടായ സ്കൂളിൽ 134 കുട്ടികളാണ് പഠിക്കുന്നത്. ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവയിലുണ്ട്. ഓഡിറ്റോറിയത്തിന്റെ നിർമാണം പൂർത്തിയായി വരുന്നു. 
വർഷങ്ങളോളം വനിതകൾ മാത്രമായിരുന്നു അധ്യാപകരും ജീവനക്കാരും എല്ലാ വർഷവും വനിതാദിനത്തിന് വാർത്തയായിരുന്നു.  ബ്ലസി ചിത്രമായ പളുങ്കിൽ മമ്മൂട്ടി കുട്ടികളെ സ്കൂളിൽ ചേർക്കാൻ വരുന്ന രംഗം പകർത്തിയിരിക്കുന്നത് ഈ സ്കൂളിലാണ്. സ്കൂളിൽ 23 വർഷമായി ജോലി ചെയ്യുന്ന സൗമി ടീച്ചർക്ക്  ഇപ്പോൾ ആദ്യം പഠിപ്പിച്ച കുട്ടികളുടെ മക്കളെ പഠിപ്പിക്കാനുള്ള ഭാഗ്യവുമുണ്ടായി. കുമളി സ്വദേശി  റാണി തോമസാണ് പ്രഥമാധ്യാപിക. സുവർണ ജൂബിലി ആഘോഷം മന്ത്രി റോഷി ആഗസ്റ്റിൻ 31 ന് ഉദ്ഘാടനം ചെയ്യും. 1973ൽ കർഷകത്തൊഴിലാളിയായിരുന്ന പാറക്കൽ ഗോപാലകൃഷ്ണ പിള്ളയുടെ മകൾ അഞ്ച് വയസ്സുകാരിയായ ബേബി ഷീലാമണിയായിരുന്നു  സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. മക്കളും കൊച്ചു മക്കളുമായി കട്ടപ്പനയിൽ കഴിയുന്ന അവരും മറ്റ് പൂർവവിദ്യാർഥികളും ചടങ്ങിൽ പങ്കെടുക്കും. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top