24 April Wednesday
അവശ്യസർവീസ്

വാഹന പാസും ജീവനക്കാർക്ക് സർട്ടിഫിക്കറ്റും നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 

 
 ഇടുക്കി
നിത്യോപയോഗ, അവശ്യസാധനങ്ങളുടെ നീക്കം സുഗമമാക്കുന്നതിന് വാഹന പാസ് തഹസിൽദാർമാരും ജീവനക്കാർക്ക് രോഗലക്ഷണമില്ലെന്ന സർട്ടിഫിക്കറ്റ് ആരോഗ്യവകുപ്പും നൽകുമെന്ന് കലക്ടർ എച്ച് ദിനേശൻ അറിയിച്ചു. 
ചേംബറിൽ ചേർന്ന വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്‌. ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ പൂർണതോതിൽ ശേഖരിക്കും. തികയാതെ വരുന്നവ അയൽ സംസ്ഥാനത്തുനിന്ന് സംഭരിക്കും. അവശ്യസാധന ലഭ്യതയും രോഗലക്ഷണം ഒന്നും ഇല്ലാത്തവരെയാണ് സാമഗ്രികൾ എടുക്കാൻ നിയോഗിക്കുന്നതെന്നും ഉറപ്പുവരുത്താനാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സംഭരണ സംസ്ഥാനത്തെ പരിശോധനയ്ക്കും സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. വാഹനങ്ങൾക്ക് ചില ചെക്‌പോസ്റ്റുകളിൽ തടസ്സം ഉണ്ടാകുന്നു എന്ന വ്യാപാരികളുടെ പരാതിയെ തുടർന്നാണ്‌ യോഗം വിളിച്ചത്. 
ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ഉണ്ടാക്കാൻ സൗകര്യമുള്ളിടത്ത് അവരുടെ ഇഷ്ടപ്രകാരം ഉണ്ടാക്കുന്നതിന് സാധനങ്ങൾ നൽകാനും തീരുമാനിച്ചു. സൗകര്യമില്ലാത്തിടത്തു മാത്രമാകും ഇനി പാകംചെയ്തു നൽകുക. പരമ്പരാഗത കാനനപാതയിലൂടെ ജില്ലയിലേക്കുള്ള സംസ്ഥാനാന്തര സഞ്ചാരം കർശനമായി നിരോധിക്കും. വനം വകുപ്പും പൊലീസും പരിശോധിച്ച് നടപടി സ്വീകരിക്കും.പൈനാവ് എസ്ബിഐ പ്രതിരോധ പ്രവർത്തകർക്കായി തയ്യാറാക്കിയ 600 മുഖാവരണവും ആറ് ലിറ്റർ സാനിറ്റൈസറും മാനേജർ ശ്യാംകുമാർ കലക്ടർക്ക് കൈമാറി. 
ഐആർഎസ് ജില്ലാ– താലൂക്ക് സമിതി രൂപീകരിച്ചു
അടിയന്തര ഘട്ടങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കാൻ ജില്ലാ, താലൂക്ക് തലങ്ങളിൽ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം(ഐആർഎസ്) വിജ്ഞാപനം ചെയ്ത് കലക്ടർ ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ സമിതി അധ്യക്ഷനാണ് റെസ്‌പോൺസബിൾ ഓഫീസർ. എഡിഎം ഇൻസിഡന്റ് കമാൻഡറും ജില്ലാ പ്ലാനിങ്‌ ഓഫീസർ ഡെപ്യൂട്ടി ഇൻസിഡന്റ് കമാൻഡറുമാണ്. ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌‌പിയാണ്‌ നിർവഹണവിഭാഗം മേധാവി.
 ആർടിഒ, ജില്ലാ അഗ്നിശമന സേന ഓഫീസർ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ, ദുരന്ത നിവാരണം ജെഎസ്, ഹസാർഡ് അനലിസ്റ്റ് എന്നിവർ യഥാക്രമം ലോജിസ്റ്റിക്‌സ്, പ്ലാനിങ്‌, സേഫ്ടി, മീഡിയ, ലെയ്‌സൺ, ഇൻഫർമേഷൻ വിഭാഗങ്ങൾക്ക് ജില്ലാ സമിതിയിൽ നേതൃത്വം നൽകും. ഇടുക്കി താലൂക്കിൽ ആർഡിഒ, തൊടുപുഴയിൽ എൽആർ ഡെപ്യൂട്ടി കലക്ടർ, പീരുമേടിൽ അസിസ്റ്റന്റ് കാർഡമം സെറ്റിൽമെന്റ് ഓഫീസർ, ദേവികുളത്ത് സബ് കലക്ടർ, ഉടുമ്പൻചോലയിൽ ആർആർ ഡെപ്യൂട്ടി കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top