20 April Saturday

തോട്ടംമേഖലയുടെ കരുത്തൻ ഇനി ജില്ലയുടെ സാരഥി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ കെ ടി ബിനുവിന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ചെറുതോണിയിൽ നൽകിയ സ്വീകരണത്തിൽ എം എം മണി എംഎൽഎ പൊന്നാടയണിയിക്കുന്നു

 ഇടുക്കി 

തോട്ടം– -കാർഷിക മേഖലകളുടെ പ്രശ്‌ന പരിഹാരത്തിന് നിരന്തരം ഇടപെടുന്ന സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പദവിയിലെത്തിയത് നാടിന് പ്രതീക്ഷയാകുന്നു. വാഗമൺ ഡിവിഷൻ പ്രതിനിധിയായ ബിനു, യുഡിഎഫിലെ പ്രൊഫ. എം ജെ  ജേക്കബിനെതിരെ നാല്‌ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്. 
     ആകെയുള്ള 16 വോട്ടുകളിൽ പത്തും ബിനുനേടി. മുൻധാരണ പ്രകാരം സിപിഐയിലെ ജിജി കെ ഫിലിപ്പ്‌ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. മുണ്ടക്കയം 35–-ാംമൈൽ പ്യാരിസൻ കമ്പനിയിലെ തോട്ടംതൊഴിലാളിയായിരിക്കുമ്പോഴാണ്‌ പുരോഗമന പ്രസ്ഥാനത്തിലേക്ക്‌ കടന്നുവന്നത്‌. ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറി, സിപിഐ എം ഏലപ്പാറ ഏരിയ സെക്രട്ടറി, പെരുവന്താനം പഞ്ചായത്ത്‌ പ്രസിഡന്റ്‌, എന്നീ നിലകളിലും കരുത്തുറ്റപ്രവർത്തനം കാഴ്‌ചവച്ചു. എച്ച്ഇഇഎ(സിഐടിയു) ജനറൽ സെക്രട്ടറിയെന്ന നിലയിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ സജീവമായി  ഇടപെട്ടു. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്കായി ‘കളിക്കൂട്ടം’ എന്ന കായിക പരിശീലനകളരി തുടങ്ങി. ഇപ്പോൾ ഹൈറേഞ്ച്‌ സ്‌പോർട്‌സ്‌ അക്കാദമിയായി കളിക്കൂട്ടത്തെ വളർത്തിയെടുക്കാനും പ്രധാനപങ്കുവഹിച്ചു. 
       അഭിനയത്തിന്റെ പെരുന്തച്ചൻ തിലകന്റെ ജന്മനാടായ മണിക്കലിൽ സ്‌മാരക പാർക്കും തടാകവും സ്ഥാപിച്ചതും ശ്രദ്ധേയമായി. 
പാഞ്ചാലിമേടിനെ മുൻനിര വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിലും മുഖ്യപങ്കുവഹിച്ചു. ദീർഘവീക്ഷണമുള്ള വികസന പദ്ധതികളാണ്‌ വിഭാവനം ചെയ്‌ത് നടപ്പാക്കിയത്. കൊക്കയാർ പ്രളയ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനും മുൻപന്തിയിലായിരുന്നു. തകർന്ന കൊക്കയാറിന്റെ പുനർനിർമിതിക്ക് നേതൃപരമായ പങ്ക്‌ വഹിച്ചു. പീരുമേട്‌ തോട്ടം ടീ കന്പനി പാട്ടത്തിന്‌ നൽകുന്നതിനെതിരെയുള്ള  നിരാഹാസമരത്തിനും നേതൃത്വംനൽകി.  സിഐടിയു ജില്ലാ കമ്മിറ്റിയംഗം, ഹിൽറേഞ്ച്‌ തോട്ടംതൊഴിലാളി അസോസിയേഷൻ(സിഐടിയു) ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നതിനിടെയാണ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി ചുമതലയേറ്റത്‌. 
സത്യപ്രതിജ്ഞയ്ക്ക്ശേഷം നടന്ന ചടങ്ങിൽ കെ ടി ബിനുവിനെ അനുമോദിച്ച്‌ മന്ത്രി റോഷി അഗസ്റ്റിൻ, എം എം മണി  എം എൽഎ,  സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ കെ ശിവരാമൻ, നേതാക്കളായ കെ  സലിംകുമാർ, അനിൽ കൂവപ്ലാക്കൽ, ജോസ് പാലത്തിനാൽ, ആമ്പൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top