29 March Friday

ഇത്തിരിക്കുഞ്ഞൻ കുപ്പിയിൽ ‘ശ്രുതി’മീട്ടിയത് 
ലോക റെക്കോഡിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ഉപകരണങ്ങളുടെ ചെറുപതിപ്പുകളുമായി ശ്രുതി ആനന്ദ്

ഇടുക്കി
ഇത്തിരിക്കുഞ്ഞൻ കുപ്പിയിൽ സംഗീതോപകരണങ്ങളുടെ ചെറുപതിപ്പ്‌(മിനിയേച്ചർ) ഒരുക്കി ശ്രുതി കയറിയത് ലോക റെക്കോഡിലേക്ക്‌. സംഗീതം പഠിച്ചിട്ടില്ലെങ്കിലും കെെവിരലുകളുടെ ദ്രുതതാളത്തിൽ പത്തുമില്ലിയുടെ കുപ്പിക്കുള്ളിൽ ഗിറ്റാർ, വയലിൻ, കീബോർഡ്, തംബുരു, തബല തുടങ്ങി 13 സംഗീതോപകരണങ്ങളാണ് നിരന്നത്. കരിങ്കുന്നം പാമ്പ്രയിൽ വീട്ടിൽ ദിപിൻ രാജിന്റെ ഭാര്യ ശ്രുതിയുടെ തുടക്കം പാഴ്‌വസ്തുക്കളിൽനിന്ന്‌ കരകൗശല വസ്തുക്കളുണ്ടാക്കിയാണ്.
   
 ബിയർ ബോട്ടിലിൽ പൂവുകളുണ്ടാക്കി ആവശ്യക്കാർക്ക് നൽകിയിരുന്നു. അടച്ചിടൽകാലത്ത്‌ ബൈസൺവാലിയിലുള്ള സ്വന്തം വീട്ടിൽ അച്ഛൻ സത്യാനന്ദനും അമ്മ ഗീതയ്‌ക്കും ഒപ്പമായിരുന്നു. ഇവിടെവച്ചാണ്‌ അനുജത്തി സ്വാതിക്കൊപ്പം ചെറുപതുപ്പുകളുടെ നിർമാണം ശ്രുതി പരിശീലിച്ചുതുടങ്ങിയത്‌. ക്ലേ, പേപ്പർ, തെർമോകോൾ, റബർ, ഗ്ലിസറിൻ എന്നിവ ശ്രുതിയുടെ കെെയിലെത്തിയാൽ മിനിയേച്ചറായി മാറും. ആദ്യമൊക്കെ പൂവുകളുടെ രൂപങ്ങളാണുണ്ടാക്കിയത്‌. പ്രമേഹരോഗിയായ അമ്മ ഗീതയുടെ ഉപയോഗം കഴിഞ്ഞ  കുപ്പിയിലായിരുന്നു പരീക്ഷണങ്ങൾ. പത്തുമില്ലിയുടെ കുപ്പിയിൽ നാലു സെന്റീമീറ്റർ ഉയരവും 1.9 സെന്റീമീറ്റർ വീതിയുമുള്ള കുപ്പിക്കകത്താണ് ഗിറ്റാർ, വയലിൻ, കീബോഡ്, തംബുരു, തബല, വീണ, ട്രംസ്, ബാസ്ട്രം, സാദാഡ്രം, ഡമരു, സിംബൽ, ഫ്ലൂട്ട്, ഡ്രംപറ്റ് എന്നിവയുടെ ചെറുപതിപ്പുകൾ  ഒരുക്കിയത്‌. അസാപ്പ് ട്രയിനറായ ശ്രുതി സിവിൽ സർവീസ് പ്രാഥമിക പരീക്ഷ വിജയിച്ചയാളും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദദാരിയുമാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ് തുടങ്ങിയ നേട്ടങ്ങളും കരസ്ഥമാക്കി.

  ഈ മുപ്പതുകാരി അമ്പതിലധികം ബോട്ടിൽ ആർട്ടിക്കിളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അടച്ചിടലിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സൗജന്യമായി പാഴ്‌വസ്തുക്കൾ കൊണ്ടുള്ള കരകൗശലവസ്തുക്കളും സമ്മാനം നൽകാനുള്ള കാർഡുകളും ഉണ്ടാക്കാനുള്ള പരിശീലനം നൽകാനുള്ള ഒരുക്കത്തിലാണ്. ഇൻസ്റ്റഗ്രാമിൽ യൂണിക് ക്രാഫ്റ്റ് സ്റ്റുഡിയോ, ഫെയ്‌സ്‌ബുക്കിൽ ശ്രുതി ആനന്ദ് എന്ന പേരിലും ക്രാഫ്റ്റ്‌ വീഡിയോയും ചിത്രങ്ങളും ഇടാറുണ്ട്. 
     
 ഭർത്താവിന്റെ അച്ഛൻ രാജേന്ദ്രനും ബംഗളൂരിവിലുള്ള ദിപിന്റെ സഹോദരൻ നിഷാന്തും ഭാര്യ ധന്യയുമാണ്‌ മിനിയേച്ചർ നിർമാണത്തിനുള്ള സാധനസാമഗ്രികൾ എത്തിച്ചുനൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും. കരിങ്കുന്നത്തുള്ള ധന്യ ഹോട്ടൽ ഉടമയായ ഭർത്താവ്‌ ദിപിൻ, മക്കളായ ശിവ്ദ്ധവും ദക്ഷയും എല്ലാ സഹായവുമായി ശ്രുതിക്കൊപ്പമുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top