20 April Saturday

ആദിവാസി കുടികളിൽ ഇനി വായനയുടെ വസന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
 സ്വന്തം ലേഖകന്‍
തൊടുപുഴ
ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റിയുടെ നേതൃത്വത്തിൽ മറയൂർ പഞ്ചായത്തിലെ പെരിയകുടി, കാന്തല്ലൂർ പഞ്ചായത്തിലെ തീർഥമലക്കുടി, വട്ടവട പഞ്ചായത്തിലെ സ്വാമിയാർ കുടി എന്നിവിടങ്ങളിൽ സ്ഥാപിച്ച ലൈബ്രറികൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്‌ മണികുമാർ ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിന്‌ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യും.
    ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കഴിഞ്ഞ ഒക്ടോബർ അഞ്ചിന്‌ മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലെ 52 കുടികളിൽ  നിന്നും  ആദിവാസി പ്രതിനിധികളെ ഉൾപ്പെടുത്തി ഗോത്രവർഗ പാർലമെന്റ് എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് അദാലത്തിന്റെ ഭാഗമായാണ്‌ ഇവിടെ ലൈബ്രറികൾ സ്ഥാപിച്ചത്‌. കുടിയിലേക്ക്‌ ഒരു ലൈബ്രറി വേണമെന്നുള്ളതായിരുന്നു മറയൂർ പഞ്ചായത്തിലെ പെരിയകുടി നിവാസികളുടെ ആവശ്യം. ഹൈക്കോടതി ജഡ്ജിയായിരുന്ന സി കെ അബ്ദുൽ റഹിം ലൈബ്രറിക്ക്‌ ആവശ്യമായ പുസ്തകങ്ങൾ കേരളത്തിലെ ന്യായാധിപസമൂഹം നൽകുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ഇക്കാര്യത്തിൽ കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ വഴി കേരളത്തിലെ ന്യായാധിപന്മാരെ സമീപിച്ചപ്പോൾ നല്ല പ്രതികരണം ലഭിച്ചു. ആദിവാസികൾക്കായുള്ള ഈ ഉദ്യമത്തെപറ്റി അറിഞ്ഞ്‌ മറ്റു മേഖലകളിൽ നിന്നും സഹായമെത്തി. പ്രമുഖ പുസ്തക പ്രസാധകരായ സാഹിത്യ പ്രവർത്തക സഹകരണ സംഘം, ഡിസി ബുക്‌സ്‌, ദേശാഭിമാനി, മാതൃഭൂമി എന്നിവ സൗജന്യമായും സൗജന്യ നിരക്കിലും പുസ്തകങ്ങൾ ലഭ്യമാക്കി. കോട്ടയം ബാറിലെ മുതിർന്ന അഭിഭാഷകൻ  വി കെ സത്യവാൻ നായർ  തന്റെ ശേഖരത്തിൽ നിന്നും ഇരുന്നൂറിലേറെ പുസ്തകങ്ങൾ കൈമാറി. ആകെ രണ്ടായിരത്തിലേറെ പുസ്തകങ്ങൾ സമാഹരിച്ചു. തുടർന്നാണ്‌ മൂന്നിടങ്ങളിൽ പ്രത്യേകം ലൈബ്രറികൾ സ്ഥാപിച്ചത്‌. മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡന്റുമാരും ആദിവാസി പ്രതിനിധികളും തൊടുപുഴ- മുട്ടം കോടതി സമുച്ചയത്തിലെ ബാർ അസോസിയേഷൻ ഹാളിൽ സമ്മേളിച്ച്‌  ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top