07 June Wednesday

രാജയ്‍ക്കെതിരായ നീക്കങ്ങളില്‍നിന്ന് സമുദായ സംഘടനകള്‍ പിന്തിരിയണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
ചെറുതോണി 
ദേവികുളം എംഎൽഎ എ രാജയ്‍ക്കെതിരായ നീക്കങ്ങളിൽനിന്ന് പട്ടികജാതി സംഘടനകൾ പിന്തിരിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. രാജയ്‍ക്കെതിരായ കോടതിവിധി തമിഴ്നാട്ടിൽനിന്ന് ജില്ലയിലെത്തി തോട്ടം തൊഴിലാളികളായി ജീവിതം ആരംഭിച്ച പതിനായിരക്കണക്കിന് പട്ടികജാതി തമിഴ് വംശജരെ ഗുരുതരമായി ബാധിച്ചേക്കാം. വിധി എംഎല്‍എയ്‍ക്ക് മാത്രമെതിരായി ചുരുക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമാണ്. ഇത്തരം നീക്കങ്ങൾക്ക് ഊർജം പകരാൻ പട്ടികജാതി സംഘടനകൾ  നിന്നുകൊടുക്കരുത്. 
രാജയുടെ പൂർവികർ തമിഴ്നാട്ടിൽ ഹിന്ദു പറയ സമുദായത്തിൽപ്പെട്ട പട്ടികജാതിക്കാരായിരുന്നു. വല്യച്ചൻ ലക്ഷ്മണൻ 1940ൽ മൂന്നാറിൽ സ്ഥിരതാമസമാക്കി പുഷ്പയെ വിവാഹം കഴിച്ചു. പുഷ്പ 1949ൽ കുണ്ടള എസ്റ്റേറ്റിൽ തൊഴിലാളിയായി. അന്നുമുതലുളള ശമ്പള രസീതും പിഎഫ് രേഖകളും ഹാജരാക്കിയിരുന്നു. 1952ൽ ലഷ്മൺ പുഷ്പ ദമ്പതികളുടെ മകനായി രാജയുടെ അച്ഛൻ അന്തോണി ജനിച്ചു. 
മൂന്നാർ പഞ്ചായത്തിലുളള അന്തോണിയുടെ ജനന രജിസ്റ്ററിലും ഹിന്ദു പറയ എന്നാണുളളത്. അന്തോണി ഈശ്വരിയെ വിവാഹം കഴിച്ചു, അവരുടെ മൂന്നുമക്കളിൽ ഇളയവനായി 1984ൽ രാജ ജനിച്ചു. രാജയുടെ മൂന്നാർ പഞ്ചായത്തിലെ ജനന രജിസ്റ്ററിൽ പട്ടികജാതി ഹിന്ദു എന്നാണുള്ളത്. ഒന്നാം ക്ലാസുമുതൽ എസ്എസ്എൽസി ബുക്കുകൾ ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളിലും ഹിന്ദു പറയ എന്നാണ്. രാജയുടെ പൂർവപിതാക്കൾ മുതൽ കുടുബം മുഴുവൻ ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം പട്ടികജാതി വിഭാഗത്തിൽ. 2016ലെ നിയമഭാ തെരഞ്ഞെടുപ്പിലും രാജ നല്‍കിയ പത്രിക അംഗീകരിച്ചിരുന്നു. 1940ൽ മൂന്നാറിൽ സ്ഥിരതാമസമാക്കിയിരുന്നെങ്കിലും 1970ലാണ് രാജയുടെ മാതാപിതാക്കൾക്ക് സ്വന്തമായി ഭൂമി ഉണ്ടാകുന്നത്. അതുവരെ തൊഴിലാളി ലയങ്ങളിലായിരുന്നു താമസം. 1950ലെ പ്രസിഡൻഷ്യൽ ഓർഡർ പ്രകാരം പട്ടികജാതി നിർണയം നടക്കുന്നതിനുളള അധികാരം അതത് സംസ്ഥാനങ്ങൾക്കാണ്. ഒരു സംസ്ഥാനത്ത് പട്ടികജാതി അംഗമായ ഒരാൾ 1950ന് മുമ്പ് മറ്റൊരു സംസ്ഥാനത്തേക്ക് മാറിയിട്ടുണ്ടെങ്കിൽ ജാതി സംവരണം നിലനിൽക്കും. രാജയുടെ മാതാപിതാക്കൾക്ക് 1970ൽ മാത്രമാണ് മൂന്നാറിൽ ഭൂമിയുണ്ടായത്. 1940മുതൽ താമസിക്കുന്നു എന്നത് കണക്കാക്കാനാകില്ലന്നും ലയങ്ങളിലെ താമസം പരിഗണിക്കില്ലെന്നുമുളള വിചിത്ര സമീപനമാണ് കോടതിയുടേത്. 1950ന് മുമ്പും ശേഷവും ഇടുക്കിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജരെ വിധി ഗുരുതരമായി ബാധിക്കും. ഇടുക്കിയിൽനിന്നുളള ഐഎഎസ്, ഐപിഎസ് ഓഫീസർമാര്‍, പരാതിക്കാരനായ ഡി കുമാമാർ, ദേവികുളം മുൻ എംഎൽഎമാർ ഉൾപ്പെടെയുളളവരെയും ബാധിക്കും. 
കോടതി കണ്ടെത്തിയ മറ്റൊരു വാദം 1992ൽ രാജയുടെ മാതാപിതാക്കൾ മാമോദീസ സ്വീകരിച്ചെന്നാണ്. ഇതിനാവശ്യമായ ഒരു രേഖയുമില്ല. മറ്റൊന്ന് രാജയുടെ വിവാഹത്തിന് കോട്ടിട്ടവേഷമാണ് ഉപയോഗിച്ചെന്നാണ്. വേഷം കൊണ്ട് ജാതിമാറാനാകില്ല. വീട്ടിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. രാജയുടെ മക്കളുടെ സർട്ടിഫിക്കറ്റുകളിലും ഹിന്ദു എസ്‍സി എന്നാണ്. കേസിന്റെ  വാദഘട്ടത്തിൽ ജാതിസർട്ടിക്കറ്റ് നൽകിയ തഹസിൽദാരെ വിസ്തരിച്ചിട്ടില്ല. യുഡിഎഫ് നടത്തുന്ന അസത്യ പ്രചാരണങ്ങൾ പട്ടികജാതി സംഘടനകൾ ഏറ്റെടുക്കരുത്. സ്വന്തം സമുദായത്തിൽ ജനിച്ചുവളർന്ന് ഉന്നത വിദ്യാഭ്യാസം ചെയ്ത് അഭിഭാഷകനായി ത്യാഗനിർഭരമായ ജീവിതത്തിലൂടെ നിയമസഭാംഗമായ രാജയെ രാഷ്ട്രീയ ശത്രുക്കൾക്ക് എറിഞ്ഞു കൊടുക്കാതെ ഒപ്പംനിന്ന് പിന്തണയ്‍ക്കണം. ജില്ലാ സെക്രട്ടറി സി വി വർഗീസ് അഭ്യര്‍ഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top