20 April Saturday

കുട്ടപ്പാസില്‍ രുചിയാണ് മെയിന്‍

നന്ദു വിശ്വംഭരന്‍Updated: Tuesday Nov 29, 2022

തൊടുപുഴ കുട്ടപ്പാസ് ഹോട്ടൽ

തൊടുപുഴ
എന്താണെന്നറിയില്ല, കുട്ടപ്പാസിലെ പുളിശേരിക്ക് പ്രത്യേക രുചിയാണ്. നല്ല ചൂടും ആവശ്യത്തിന് പുളിയും ചെറുമധുരവും. കുട്ടപ്പാസിൽ ഉച്ചഭക്ഷണത്തിനെത്തുന്നവരുടെ വയറും മനസും നിറയ്‍ക്കുന്നതിൽ പ്രധാനിയാണിവൻ. പുളിശേരിയിൽ മാത്രം ഒതുങ്ങുന്നില്ല കുട്ടപ്പാസിന്റെ രുചിപ്പെരുമ. 
കുട്ടപ്പാസ് തൊടുപുഴയ്‍ക്ക് രുചി സമ്മാനിക്കാൻ തുടങ്ങിയിട്ട് 54 കൊല്ലമായി. 1968ൽ ഇപ്പോൾ ഹോട്ടലിലുള്ള രാമകൃഷ്‍ണനും സഹോദരൻ പി എസ് കുട്ടപ്പനും ചേർന്നാണ് തുടങ്ങുന്നത്. ചെറുതായിരുന്നെങ്കിലും അന്നും ഊണ് വിളമ്പി തൊടുപുഴയുടെ ഇഷ്‍ടംനേടി. അക്കാലത്ത് വായ്‍മൊഴിയിലൂടെ നേടിയതാണ് കുട്ടപ്പാസെന്ന പേര്. പിന്നീടാണ് ഇപ്പോഴുള്ള കെട്ടിടം പണിതത്. ആദ്യകാലത്ത് നോൺ വെജിറ്റേറിയൻ എല്ലാമുണ്ടായിരുന്നെങ്കിൽ ഇന്ന് ഊണിനൊപ്പം മീൻ വിഭവങ്ങൾ മാത്രമാണ്. വയറിന് പ്രശ്‍നങ്ങളില്ലാതെ നല്ല ഭക്ഷണം കഴിക്കാം, വീട്ടിൽനിന്ന് കഴിക്കുന്ന അതേരുചി. ഇതാണ് കുട്ടപ്പാസിന്റെ പ്രത്യേകത. രാമകൃഷ്‍ണന്റെ മകൻ പ്രശാന്ത് പറഞ്ഞു. 
ഊണിനൊപ്പം തോരൻ, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, ഒഴിച്ചുകറികളായ പരിപ്പ്, സാമ്പാർ, പച്ചമോര്, രസം പിന്നെ താരങ്ങളിൽ താരമായ പുളിശേരിയും. മാമ്പഴക്കാലമാണെങ്കിൽ മാമ്പഴ പുളിശേരി വയ്‍ക്കും. അല്ലെങ്കിൽ ഏത്തയ്‍ക്ക ഉപയോ​ഗിക്കും. കുറുകിയ പുളിശേരിയടക്കം തൊടുപുഴക്കാരുടെ രുചിയാശാനാണ് കുട്ടപ്പാസ്.
ഊണിന്റെ മേളം കഴിഞ്ഞാലുടൻ ചില്ല് അലമാരയിൽ ചെറുകടികൾ നിറയും. സുഖിയൻ, ഉഴുന്നുവട, പപ്പടവട തുടങ്ങിയവയുണ്ടെങ്കിലും താരം പഴംബോളിയും ചുക്കപ്പവുമാണ്. മൈദയ്‍ക്ക് പകരം അരിയും ഉഴുന്നും അരച്ചതാണ് പഴംബോളിയുടെ മാവ്. കറുമുറെ ആസ്വദിച്ച് തിന്നാവുന്ന ചുക്കപ്പത്തിന് മധുരമില്ല. 
വിഭവങ്ങൾക്കാവശ്യമായ മുളക്, മല്ലി, മഞ്ഞൾ, ഉലുവ എന്നിവ കുട്ടപ്പാസിൽ പൊടിക്കും. രാമകൃഷ്‍ണന്റെ സഹോദരിയുടെ മകൻ ഉണ്ണികൃഷ്‍ണനാണ് പാചകക്കാരിൽ പ്രധാനി. മറ്റ് ജോലിക്കാരും തൊടുപുഴക്കാർ തന്നെ. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് ഹോട്ടൽ. തൊടുപുഴയിലെത്തുന്നവർക്ക് കുശാലായി കഴിക്കണമെങ്കിൽ നേരെ കാഞ്ഞിരമറ്റം റോഡിലുള്ള കുട്ടപ്പാസിലേക്ക് പോര്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top