26 April Friday
ജനം ചോദിച്ചു

എന്തിനീ ഹര്‍ത്താല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

സമരാനുകൂലികള്‍ കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞപ്പോള്‍

കട്ടപ്പന
കെഎസ്ആര്‍‌ടിസി ബസുകൾ തടഞ്ഞും കടകളും ബാങ്കുകളും അടപ്പിച്ചും യുഡിഎഫ് ജില്ലാ ഹര്‍ത്താല്‍. ചിലയിടങ്ങളില്‍ ജനം അനാവശ്യ ഹര്‍ത്താലിന് വിലകൊടുത്തില്ല. കട്ടപ്പന സെൻട്രൽ ജങ്ഷനിൽ കെഎസ്ആർടിസി ബസുകളും നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളും ഹർത്താലനുകൂലികൾ തടഞ്ഞു. ഇതോടെ ദീർഘദൂര ബസുകൾ അരമണിക്കൂർ വൈകിയാണ് സർവീസ് നടത്തിയത്. നഗരത്തിൽ രാവിലെ തുറന്ന വ്യാപാരസ്ഥാപനങ്ങളും ദേശസാത്കൃത ബാങ്കുകളും അടപ്പിച്ചു. ഇവർ സെൻട്രൽ ജങ്ഷനിൽ നിലയുറപ്പിച്ചതോടെ പൊലീസ് ഇടുക്കിക്കവലയിൽനിന്ന് അവശ്യ സർവീസുകൾ ബൈപാസിലൂടെ തിരിച്ചുവിട്ടു. അതിഥി തൊഴിലാളികളടക്കം നിരവധിപേര്‍ ബസ് സ്റ്റാൻഡിൽ കുടുങ്ങി. കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിലെ 27 ബസുകളും സർവീസ് നടത്തി. 
തൊടുപുഴയിൽ ഹർത്താൽ സമാധാനപരമായിരുന്നു. ജനങ്ങൾക്കാശ്വാസമായി കെഎസ്ആർടിസി 33 സർവീസ് നടത്തി. പ്രധാന സർവീസുകളൊന്നും മുടങ്ങിയില്ലെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ഹർത്താൽ അനുകൂലികൾ രാവിലെ നഗരത്തിൽ പ്രകടനങ്ങൾ നടത്തി. കെഎസ്ആർടിസിക്കൊപ്പം ഓട്ടോറിക്ഷകളും മറ്റ് ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങി. ഗ്രാമമേഖലകളിൽ കടകൾ തുറന്നു. വഴിയോരക്കച്ചവടങ്ങള്‍ നഗരത്തില്‍ സുലഭമായിരുന്നു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ ഓഫീസുകളുടെ പ്രവർത്തനം സാധാരണപോലെ നടന്നു. ഭൂരിഭാഗം ജീവനക്കാരും സ്വന്തം വാഹനങ്ങളിൽ ജോലിക്കെത്തി. കുമ്പംകല്ലിൽ ജനം ഹര്‍ത്താലിനെ വകവച്ചില്ല. സാധാരണദിനം പോലെ കടകളെല്ലാം  പ്രവര്‍ത്തിച്ചു. 
കുമളിയില്‍ ഹർത്താൽ പൊതുഗതാഗതത്തെ ബാധിച്ചില്ല. കെഎസ്ആർടിസി കുമളി ഡിപ്പോയിൽനിന്ന് ഗ്രാമീണ മേഖലയിലേക്ക് ഉൾപ്പെടെ 28ൽ 27 സർവീസുകളും നടത്തി. ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങിയില്ല. ഹർത്താലിന് ബസ് പുറത്തിറക്കിയാൽ തടയുമെന്ന് യുഡിഎഫ് നേതാക്കൾ കെഎസ്ആർടിസി അധികൃതരെ അറിയിച്ചിരുന്നു.  
മൂന്നാറിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നെങ്കിലും സ്വകാര്യ വാഹനങ്ങളും ഓട്ടോ റിക്ഷകളും നിരത്തിലിറങ്ങി. മൂന്നാർ ഡിപ്പോയിൽനിന്ന്‌ അന്തർ സംസ്ഥാന സർവീസ് ഉൾപ്പെടെ കെഎസ്ആർടിയുടെ മുഴുവൻ ബസുകളും പതിവുപോലെ സർവീസ് നടത്തി. ഭൂവിനിയോഗ ചട്ട ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയായിരുന്നു ഹര്‍ത്താല്‍.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top