കരിമണ്ണൂർ
സർക്കാർ ഫണ്ട് അനുവദിച്ചിട്ടും തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രം നവീകരണം ഇഴയുന്നു. കാളിയാർ ഫോറസ്‌റ്റ് റേഞ്ച് ഓഫീസർക്ക് പണി പൂർത്തിയാക്കാൻ താൽപ്പര്യമില്ലാത്തതാണ് തുക അനുവദിച്ച് ഒരുവർഷമായിട്ടും ഈ മെല്ലെപ്പോക്കിന് കാരണണെന്ന് നാട്ടുകാരും സഞ്ചാരികളും പറയുന്നു. വനസംരക്ഷണ സമിതിയാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആദ്യ കാലങ്ങളിൽ പണികൾ നടന്നെങ്കിലും പിന്നീട് മുടങ്ങി. സർക്കാർ ഏജൻസിയായ കാഡ്കോയെ മാറ്റി പുതിയ ഏജൻസിയെ പണികള്‍ ഏല്‍പ്പിച്ചു. അവരുടെ പ്രതിനിധികളെത്തി ജോലികള്‍ ഉടൻ തുടങ്ങാമെന്ന് അറിയിച്ചു. ഒന്നാംഘട്ട നിർമാണത്തിന്റെ ഭാഗമായി അപകടമേഖലയുള്ള സ്ഥലങ്ങളിൽ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രവേശന കവാട നിർമാണം പകുതിയാക്കി നിർത്തിവച്ചിരിക്കുകയാണ്.
പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ പുതിയ ബൂത്ത് നിർമിച്ചിട്ടുണ്ട്. ഇക്കോ ഷോപ്പ്, ടിക്കറ്റ് കൗണ്ടർ എന്നിവയുടെ നിർമാണവും പൂർത്തിയായി. എന്നാൽ ഇക്കോ ഷോപ്പിന്റെ പ്രവർത്തനം തൽകാലം നിർത്തിയിരിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. വഴികളിൽ ടൈല്‍ വിരിക്കല്‍, ഇരിപ്പിടത്തിന് കല്ലുകൊണ്ടുള്ള ബെഞ്ച് സ്ഥാപിക്കല്‍, മഴക്കാലത്ത് തകർന്നുപോയ ചെറുപാലത്തിന്റെ പുനർനിർമാണം, ഇന്റർപ്രഷൻ സെന്ററിന്റെയും ഏറുമാടത്തിന്റെയും അപകട സൂചന ഡിസ്‍പ്ലേ ബോർഡുകള്‍ എന്നിവയാണ് രണ്ടാംഘട്ടത്തിൽ പൂര്‍ത്തിയാക്കേണ്ടത്. ഏഴുനിലക്കുത്തിന് മുകളിൽ അതിമനോഹരമായ വ്യൂ പോയിന്റിന്റെ പണികളും ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു. എന്നാല്‍ വാക്കാല്‍ പറയുന്നതല്ലാതെ പണികള്‍ ഒന്നും തുടങ്ങിയിട്ടില്ല. മുതിർന്നവർക്ക് 40രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. നടക്കാൻ പോലുമാകാതെ കല്ലുകൾ ഇളകി കിടക്കുന്നതിനാൽ ഓഫ് റോഡ് ടൂറിസം നടപ്പാക്കണം എന്നാണ് സഞ്ചാരികൾ പറയുന്നത്. പണികൾ ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് സഞ്ചാരികളും നാട്ടുകാരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..