26 April Friday
അക്രമസമരത്തിനും നുണപ്രചാരണങ്ങൾക്കുമെതിരെ

എൽഡിഎഫ് ബഹുജനറാലി 
നാളെ കട്ടപ്പനയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
കട്ടപ്പന 
യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമസമരങ്ങളേയും നുണപ്രചാരണങ്ങളേയും  തുറന്നുകാണിച്ചും വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചും  വ്യാഴാഴ്ച  എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പനയിൽ  ബഹുജനറാലി സംഘടിപ്പിക്കുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  15,000 പേർ പങ്കെടുക്കുന്ന കൂറ്റൻ റാലിപകൽ രണ്ടിന്‌ ഇടുക്കിക്കവലയിൽ നിന്ന്‌  ആരംഭിക്കും. പഴയ ബസ്‌ സ്‌റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം  കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 
വിമാനത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനുള്ള ആസൂത്രിത ശ്രമം ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമാണ്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച് അട്ടിമറിക്കാൻ വർഗീയശക്തികൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ സമരാഭാസം. സ്വർണ കള്ളക്കടത്ത്കേസ് പ്രതികളെ ഉപയോഗിച്ച്‌   മുഖ്യമന്ത്രിയെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനുള്ള യുഡിഎഫ്, ബിജെപി ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമായി. നാട്ടിലെങ്ങും അക്രമം നടത്തുന്ന യുഡിഎഫ്, ആർഎസ്എസ്, -- എസ്ഡിപിഐ-, ജമാഅത്തെ ഇസ്ലാമി  കൂട്ടുകെട്ടിനെ ബഹുജനറാലിയിലൂടെ തുറന്നുകാട്ടും. 
യുഡിഎഫ്‌ സമാധാന 
അന്തരീക്ഷം തകർക്കുന്നു
ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള യുഡിഎഫ് ക്രിമിനൽ സമരാഭാസങ്ങൾ തുടർക്കഥയാണ്. കേരളത്തിന്റെ സമഗ്ര വികസനം അട്ടിമറിക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും  വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ഭീകര പ്രവർത്തനങ്ങൾക്കെതിരെയുമാണ് പ്രതിഷേധം.  
മുഖ്യമന്ത്രിയെ വിമാനത്തിൽ  ആക്രമിക്കാൻ ശ്രമിച്ച പ്രതികൾക്ക്‌ മാലയിട്ട്‌ സ്വീകരണം നൽകുകയാണ് കോൺഗ്രസ്‌. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതരായ ഇവരെ നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ  ട്രെയിനിൽ എത്തി വഴിനീളെ സ്വീകരണവും നൽകി. കോൺഗ്രസ്‌ ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നു മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണ പദ്ധതി. നേരത്തേ ടിക്കറ്റെടുത്താൽ മനസ്സിലാകുമെന്നതിനാലാണ്‌  അവസാന സമയത്താക്കിയത്‌.  കേരളത്തിൽ കെ സുധാകരനും വി ഡി സതീശനും കൂടി കലാപാഹ്വനം നടത്തുകയാണ്.  വിദ്യാർഥിയുടെ    അരുംകൊലയെ ന്യായികരിക്കാനാണ്‌ ഇവർ ശ്രമിക്കുന്നത്‌. കേരളത്തിൽ ക്രിമിനൽ സംഘത്തെ  വളർത്തി ആയുധപരിശീലനം നടത്തി  കലാപം സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നത്. 
റാലിയിൽ എൽഡിഎഫ് നേതാക്കളായ സത്യൻ മൊകേരി, അലക്സ് കോഴിമല, മാത്യുസ് ജോർജ്, ബെന്നി മുത്തോലി, അഡ്വ. മാത്യൂ ജോൺ, പി ജി ഗോപി, അഡ്വ. വർഗീസ് മൂലൻ, പി സി ജോസഫ്, എം എം മണി എംഎൽഎ, വാഴൂർ സോമൻ എംഎൽഎ  എന്നിവർ സംസാരിക്കും.  
വാർത്താസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ സി വി വർഗീസ്, മാത്യൂ വർഗീസ്, അനിൽകൂവപ്ലാക്കൽ, സിബി മൂലേപ്പറമ്പിൽ, വി ആർ സജി, വി ആർ ശശി, മനോജ്‌ എം തോമസ്‌  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top