19 April Friday

കല്ലാർ അണക്കെട്ടിൽനിന്നും ചെളി നീക്കിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

കാലവർഷത്തിന് മുന്നോടിയായി കല്ലാർ അണക്കെട്ടിലെ ചെളി നീക്കം ചെയ്യുന്നത് പുരോഗമിക്കുന്നു

നെടുങ്കണ്ടം 
കല്ലാർ അണക്കെട്ടിന്റെ മൂന്നുഷട്ടറുകളും പൂർണമായി തുറന്ന്  ചെളിയും മണ്ണും  നീക്കം ചെയ്‌തു തുടങ്ങി. ഒന്നും രണ്ടും നാലും ഷട്ടറുകളാണ് തുറന്നത്.  
അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പകുതിയിലേറെ മണ്ണും ചെളിയുമാണ്‌. ഇത് നീക്കം ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം  ഒന്നാം നമ്പർ ഷട്ടർ തുറന്ന്‌ മണ്ണ് പുറത്തേക്ക് ഒഴുക്കിയെങ്കിലും പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞില്ല. സംഭരണശേഷി ഉയർത്തുന്ന ജോലികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ അണക്കെട്ടിലെ മണ്ണ് നീക്കുന്ന ജോലികൾക്കായി  കെഎസ്ഇബി ഡാം സേഫ്ടി വിഭാഗത്തിന്‌ കളക്ടർ കൂടുതൽ സമയം അനുവദിച്ചിരുന്നു.  മെയ് 30 വരെയാണ് അനുവദിച്ചിരിക്കുന്നത്.
ഒരു ഷട്ടർ പൂർണമായി തുറന്ന് മണ്ണ് മാറ്റാൻ ശ്രമിച്ചിട്ടും നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രണ്ടു മണ്ണുമാന്തിയന്ത്രങ്ങൾ എത്തിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. വൻതോതിൽ മണ്ണടിഞ്ഞിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 
സംസ്ഥാനത്ത് ആദ്യമായി കെഎസ്ഇബി ഡാം സേഫ്ടി വിഭാഗം നടത്തുന്ന പരീക്ഷണമാണ് കല്ലാർ അണക്കെട്ടിൽ നടക്കുന്നത്. വാഴത്തോപ്പ് ഡാം സേഫ്ടി സബ് ഡിവിഷൻ അസിസ്റ്റന്റ്‌ എൻജിനിയർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.  രണ്ടു പ്രളയകാലത്തിന് ശേഷം വൃഷ്ടിപ്രദേശങ്ങളിൽ  മഴ പെയ്താൽ അണക്കെട്ട്‌ നിറയുന്ന സ്ഥിതിയുണ്ട്‌. കഴിഞ്ഞതവണ അപ്രതീക്ഷിത മഴയിൽ അണക്കെട്ട്‌ കവിഞ്ഞൊഴുകി. നിറയുന്ന സമയത്ത് കല്ലാർ അണക്കെട്ട്‌ മുതൽ തൂക്കുപാലം വരെ കല്ലാർ പുഴയുടെ തീരത്തും കൈത്തോടുകളുടെ അരികിലുമുള്ള വീടുകളിൽ വെള്ളം കയറിയിരുന്നു. 
വീടുകൾക്കും കടകൾക്കും നാശനഷ്ടം നേരിട്ടു. ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായി. പരാതികൾ വ്യാപകമായതോടെ കെഎസ്ഇബി നടത്തിയ പഠനത്തിൽ അണക്കെട്ടിന്റെ സംഭരണ ശേഷി കുറഞ്ഞതായും മണലും ഏക്കലും ഷട്ടറിനോട് ചേർന്ന്‌ കൂടിക്കിടക്കുന്നതായും കണ്ടെത്തി. ഇതോടെയാണ്‌ തുടർനടപടികളുണ്ടായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top