കട്ടപ്പന
യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ നിർമലാസിറ്റി വാർഡ് കൗൺസിലർ ബെന്നി കുര്യനും നാട്ടുകാരും നഗരസഭ ഓഫീസ് പടിക്കൽ ധർണ നടത്തി. സാമ്പത്തികവർഷം അവസാനിക്കാൻ മൂന്നുദിവസം മാത്രം ശേഷിക്കേ വാർഡിലെ റോഡ് വികസനത്തെ പൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. 40ലേറെ പേർ പങ്കെടുത്തു. തുടർന്ന് ബെന്നി കുര്യൻ ഉപവാസസമരവും നടത്തി.
വിവിധ റോഡുകളുടെ കോൺക്രീറ്റിങ്, ടാറിങ് എന്നിവയ്ക്കായി 10ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. നിർമലാസിറ്റി വാഴവര, കൊന്നക്കാട്ട് തകിടിയേൽപ്പടി റോഡുകളുടെ ടാറിങ്, പൊങ്ങൂർപ്പടി കൊന്നക്കാട്ട്പടി, ചക്കുകളം മൈലാടുംകുന്നേൽപ്പടി റോഡുകളുടെ കോൺക്രീറ്റിങ്, മൂന്ന് നടപ്പാതകളുടെ നിർമാണം എന്നിവയ്‍ക്കായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ടെൻഡർ പൂർത്തീകരിച്ച് കരാറായിട്ടും നിർമാണം നടത്തിയില്ല. ഏറ്റെടുത്ത കരാറുകാർ ജോലി ചെയ്യുന്നില്ലെന്നാണ് നഗരസഭയുടെ വാദം. നഗരസഭയിലെ 34വാർഡുകളിലെ പദ്ധതികൾ നിയമവിരുദ്ധമായി 17കരാറുകാർക്ക് നൽകിയിരിക്കുകയാണ്. പദ്ധതി വിഹിതത്തിന് പുറമേ നഗരസഭയുടെ തനതുഫണ്ടിൽനിന്ന് 10ശതമാനം തുക കരാറുകാർക്ക് കൂടുതൽ നൽകുന്നു.
ഇതിലെല്ലാം അഴിമതിയുണ്ട്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ അവഗണിക്കുകയാണ്. കൗണ്‍സിലര്‍ പറഞ്ഞു. ധര്‍ണ കൗൺസിലർ സുധർമമോഹനൻ ഉദ്ഘാടനംചെയ്തു. കൗൺസിലർമാരായ ഷാജി കൂത്തോടി, ഷജി തങ്കച്ചൻ, ധന്യ അനിൽ, പി എം നിഷാമോൾ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം സി ബിജു, ലോക്കൽ സെക്രട്ടറി പി ബി സുരേഷ്, സിജോ മാത്യു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..