29 March Friday

ചീറിപ്പായുന്ന ബെെക്കുകൾ തടഞ്ഞിട്ടും 
ഫലമില്ല; ഒടുക്കം പൊലിയുന്നത് ജീവൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

നെടുങ്കണ്ടം ടൗണിൽ ബെെക്ക് കാറിലിടിച്ചുണ്ടായ അപകടം

നെടുങ്കണ്ടം
ബെെക്കുകൾ ചീറിപ്പായിച്ച് ഹരംകൊള്ളുന്ന യുവാക്കളെ തടഞ്ഞിട്ടും ഉപദേശിച്ചിട്ടും ഫലമില്ല. ഒടുക്കം അപകടത്തിൽ പിടഞ്ഞുവീഴുന്നവരെയുമായി ആശുപത്രിയിലേക്ക് ഓടാനേ നെടുങ്കണ്ടം ടൗണിലുള്ളവർക്ക് കഴിയൂ. വെള്ളി രാവിലെ മുതൽ ടൗണിൽ ഒന്നിലധികം തവണ അമിതവേഗതയിൽ ബൈക്ക് ഓടിച്ച യുവാവിനെ ടൗണിലെ ചുമട്ടുതൊഴിലാളികൾ തടഞ്ഞുനിർത്തി താക്കീത് നൽകിയാതാണ്. എന്നാൽ, രാവിലെ എട്ടിന് കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന്റെ  ജീവൻ പൊലിഞ്ഞത് കണ്ടുനിൽക്കാനെ തൊഴിലാളികൾക്കായുള്ളൂ.
      കഴിഞ്ഞദിവസം രാത്രി അമിതവേഗത്തിൽ ബൈക്ക് ഓടിച്ച മറ്റൊരു യുവാവും ഇവിടെ മരിച്ചിരുന്നു. ആറു മാസത്തിനുള്ളില്‍ നാൽപ്പതിലധികം അപകടങ്ങളാണ് നെടുങ്കണ്ടത്തുണ്ടായത്. ആഡംബര ബൈക്കുകളിൽ ചീറിപ്പായുന്ന ചെറുപ്പക്കാരുടെ സംഘം നെടുങ്കണ്ടത്ത് വിലസുന്നത് നിത്യസംഭവമാണ്‌. അമിതവേഗത്തിൽ എത്തുന്ന ഇവരാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. ലഹരി മാഫിയയിൽപോലും പിടിയുള്ള ഇവർ അപകടങ്ങൾ ഉണ്ടാക്കിയാൽ അപ്പോൾതന്നെ രമ്യമായി പരിഹരിക്കാൻ വലിയ സംഘം ഇവർക്ക് ചുറ്റുമുണ്ട്. മരണത്തിന്റെ എണ്ണം കൂടിയിട്ടും ഇത്തരം ഫ്രീക്കന്മാർക്ക് കടിഞ്ഞാണിടാൻ മോട്ടോർ വാഹന, പൊലീസ് അധികൃതർ തയ്യാറാകുന്നില്ല. വേഗത പരിശോധിക്കുന്ന ഹെെവേ പൊലീസ് വാഹനവും ക്യാമറയും ഇവിടെ വേണമെന്ന ആവശ്യം ശക്തമായി. ടൗണിലെ തിരക്കിനിടെ കിഴക്കേകവല മുതൽ ബസ്‌ സ്റ്റാൻഡ് വരെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top