19 April Friday

മനസ്സുകളിൽ ആവേശംനിറച്ച്‌

കെ ടി രാജീവ്‌Updated: Sunday May 28, 2023

ഇടുക്കി മഹോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ഘോഷയാത്രയിൽ കെ കെ ജയചന്ദ്രൻ, എസ് രാമചന്ദ്രൻപിള്ള, 
എം എം മണി എന്നിവർ

ചെറുതോണി
ചെണ്ടയ്‌ക്കുമേൽ കോലുകൾ ഒന്നിച്ചു പതിച്ചു. ഇടി മുഴക്കം പോലെ കലാകാരന്മാർക്ക്‌  ഒരേ വികാരം. മേളാവേശത്താൽ ജനങ്ങൾക്ക് ഒരേ താളം. തകൃത, തകൃതയുടെ കൊടുമ്പിരിയില്‍   നൂറ്‌കണക്കിന്‌ കൈകള്‍ താളംപിടിച്ചു. ചിലർ ആവേശത്താൽ കൈകൾ ആകാശത്തേക്കുമുയർത്തി . വാദ്യമേള മത്സരത്തിൽ ചെണ്ടമേളത്തിന്റെ തുടക്കമിത്‌. സമ്മേളന വേദിയിലെത്തിയപ്പോഴാകട്ടെ 36 ടുമുകളുടെ  മേളഗർജനത്തിൽ താളം ചവുട്ടി
 ചെമ്പട മേളവും കടന്ന് കലാശങ്ങളും പിന്നിട്ട്  കലാശങ്ങളും കടന്ന് മേളം തിരുകലാശിക്കുമ്പോൾ മേള പ്രകമ്പനം ജനമനസുകളിൽ ഇരമ്പിയാർത്ത പ്രകമ്പനമായി മാറി.  ബാൻഡുമേളവും കൊഴുപ്പേകി. ഇത്‌ ഇടുക്കിക്കാർക്ക്‌ ആദ്യ അനുഭവം. മലനാടിന്റെ മനസ്സുകളിൽ പുതിയ ആവേശം നിറച്ചാണ്‌ ഇടുക്കി മഹോത്സവത്തിന്‌ തുടക്കമായത്‌.സിപിഐ എം മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു.
എം ജിനദേവൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആറ്‌ ദിനങ്ങളിലായി നടത്തുന്ന  മഹോത്സവത്തിന്റെ തുടക്കം സമാനതകളില്ലാത്ത പുതുമ നിറഞ്ഞതായി. ഉച്ചയ്‌ക്കുശേഷം ആറ്‌  സെമിനാറുകൾക്കും  സിമ്പോസിയങ്ങൾക്കും നല്ല പങ്കാളിത്തമുണ്ടായി. ജില്ലയിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രം മുതൽ അണക്കെട്ടുകളുടെ നിർമാണംവരെയുള്ളവ സെമിനാറുകളിൽ ചർച്ചയായി.ഇതിനിടെ ഡാൻസ്‌ ആൻഡ്‌ മ്യുസിക്‌ ഷോയും ഉണ്ടായി. തുടർന്ന്‌  ‘തൊഴിൽ മേഖല, വ്യവസായങ്ങൾ–-പ്രതിസന്ധികളും പരിഹാര മാർഗങ്ങളും ’ സിമ്പോസിയം വിജ്ഞാനപ്രദമായി. രാത്രിയിൽ നടന്ന  അതുൽ നറുകരയുടെ ‘പാലാ പള്ളി തിരുപ്പള്ളി’ നാടൻപാട്ട്‌ ആസ്വാദകരെ ആവേശക്കൊടുമുടിയിലാക്കി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top